Advertisement

ബയോ ബബിൾ ലംഘനം: ശ്രീലങ്കൻ താരങ്ങൾക്ക് ഒരു വർഷം വിലക്ക്

July 1, 2021
2 minutes Read
Sri Lanka players suspended

ബയോ ബബിൾ ലംഘനം നടത്തിയ മൂന്ന് താരങ്ങളെ വിലക്കി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. ഒരു വർഷത്തേക്കാണ് വിലക്ക്. ഇംഗ്ലണ്ട് പര്യടനത്തിനിടെ നടത്തിയ ബയോ ബബിൾ ലംഘനത്തെ തുടർന്നാണ് വൈസ് ക്യാപ്റ്റൻ കുശാൽ മെൻഡിസ്, വിക്കറ്റ് കീപ്പർ നിരോഷൻ ഡിക്ക്‌വെല്ല, ഓപ്പണർ ദനുഷ്ക ഗുണതിലക എന്നിവർക്കെതിരെ നടപടി എടുത്തത്.

കളിക്കാർ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവാത്തത് നിരാശാജനകമാണെന്ന് ശ്രിലങ്ക കായികമന്ത്രി നമൽ രാജപക്സ പറഞ്ഞു. ഒരു വർഷത്തെ വിലക്ക് ലഭിച്ചതുകൊണ്ട് തന്നെ ഈ മൂന്ന് താരങ്ങളും ഇന്ത്യക്കെതിരെ ഈ മാസം ആരംഭിക്കുന്ന ഏകദിന, ടി-20 പരമ്പരകളിൽ കളിക്കില്ല.

താരങ്ങൾ ഹോട്ടലിനു പുറത്ത് സമയം ചെലവഴിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ ഇവരെ ടീമിൽ നിന്ന് പുറത്താവുകയും ഇവർ തിരികെ ശ്രീലങ്കയിൽ എത്തുകയും ചെയ്തിരുന്നു.

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ ശിഖർ ധവാനാണ് നയിക്കുക. ഭുവനേശ്വർ കുമാർ ഉപനായകനാവും. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടി. കർണാടകയ്ക്കായി കളിക്കുന്ന ആർസിബിയുടെ മലയാളി താരം ദേവ്ദത്ത് പടിക്കൽ, രാജസ്ഥാൻ റോയൽസിൻ്റെ സൗരാഷ്ട്ര പേസർ ചേതൻ സക്കരിയ, സിഎസ്കെയുടെ മുംബൈ ഓപ്പണർ ഋതുരാജ് ഗെയ്ക്‌വാദ് തുടങ്ങിയവരാണ് ടീമിലെ പുതുമുഖങ്ങൾ. കെകെആറിൻ്റെ ഡൽഹി താരം നിതീഷ് റാണയ്ക്കും ദേശീയ ടീമിലേക്ക് ആദ്യമായി വിളിയെത്തി. ഈ മാസം 13 മുതലാണ് പര്യടനം ആരംഭിക്കുക. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളാണ് പര്യടനത്തിൽ ഉള്ളത്.

Story Highlights: Sri Lanka players suspended for 1 year for breaching Covid norms

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top