കിറ്റെക്‌സിന് വ്യവസായം നടത്താൻ അനുകൂല സാഹചര്യം സൃഷ്ടിക്കണം; ജില്ലാ വ്യവസായ ജനറൽ മാനേജറുടെ റിപ്പോർട്ട്

കിറ്റെക്‌സിന് വ്യവസായം നടത്താൻ അനുകൂല സാഹചര്യം സൃഷ്ടിക്കണമെന്ന് ജില്ലാ വ്യവസായ ജനറൽ മാനേജറുടെ റിപ്പോർട്ട്. ജില്ലാ വ്യവസായ ജനറൽ മാനേജർ ബിജു പി.എബ്രഹാമാണ് റിപ്പോർട്ട് നൽകിയത്. കിറ്റെക്‌സ് മാനേജ്‌മെന്റിന്റെ പരാതികളും ആശങ്കകളും റിപ്പോർട്ടിലുളളതായാണ് സൂചന.
മലിനീകരണ നിയന്ത്രണത്തിൽ വീഴ്ചയില്ലെന്നും റിപ്പോർട്ടിലുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്ന് മെമ്മോ ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കിറ്റെക്‌സിലെ പരിശോധന റിപ്പോർട്ട് വ്യവസായ വാണിജ്യ ഡയറക്ടർക്ക് കൈമാറി.
അതേസമയം, കിറ്റെക്‌സുമായുള്ള പ്രശ്‌നത്തിൽ വ്യവസായ വകുപ്പ് അനുരഞ്ജന ശ്രമം തുടരുന്നതിനിടെ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് ജീവനക്കാരുടെ സമരം. പ്രശ്‌നം പരിഹരിക്കുമെന്ന് പറയുന്നവർ വീണ്ടും നോട്ടിസ് നൽകി ഉപദ്രവിക്കുകയാണെന്ന് കുറ്റപ്പെടുത്തിയാണ് കിറ്റെക്‌സിലെ 9500 ജീവനക്കാർ ഇന്ന് കമ്പനി പരിസരത്ത് മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുന്നത്.
തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും ജീവനക്കാർ ആവശ്യപ്പെടുന്നു. അതിനിടെ വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥർ ഇന്നലെ നടത്തിയ പരിശോധനയുടെ റിപ്പോർട്ട്, വകുപ്പ് സെക്രട്ടറിക്ക് ഇന്ന് സമർപ്പിക്കുമെന്നാണ് വിവരം. 3500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന് കിറ്റെക്‌സ് പിൻമാറിയതിനെ തുടർന്ന് അനുരഞ്ജന നീക്കവുമായി വ്യവസായ മന്ത്രി പി.രാജീവ് തന്നെ നേരിട്ട് ഇടപെടൽ നടത്തുന്നുണ്ട്. എന്നാൽ റെയ്ഡ് നടത്തിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായാൽ മാത്രമേ സർക്കാരുമായി ചർച്ചയ്ക്കുള്ളൂ എന്ന നിലപാടിലാണ് കിറ്റെക്‌സ്.
Story Highlights: district economic affairs general manager report supporting kitex
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here