ഇംഗ്ലണ്ട് ശരിയായ പാതയിൽ; ഇനി സെമി ഫൈനല്‍ കടമ്പ കടക്കണം; ഹാരി കെയ്ൻ

ഇംഗ്ലണ്ട് സെമി ഫൈനല്‍ കടമ്പ കടക്കേണ്ട സമയമാണിതെന്ന് ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍. യൂറോ കപ്പ് സെമിയിലേക്ക് മുന്നേറിയ ശേഷം സംസാരിക്കുകയായിരുന്നു ഹാരി. കഴിഞ്ഞ ലോകകപ്പില്‍ നാഷണ്‍സ് ലീഗിലും ഇംഗ്ലണ്ട് സെമിയില്‍ പരാജയപ്പെട്ടിരുന്നു. ഇനി സെമിയില്‍ ഡെന്മാര്‍ക്കിനെ ആണ് നേരിടേണ്ടത്. ഇംഗ്ലണ്ട് താരങ്ങള്‍ വലിയ മത്സരങ്ങള്‍ കളിച്ച് ശീലമുള്ളവര്‍ ആണെന്നും, ഭയമില്ലെന്നും കെയ്ന്‍ പറഞ്ഞു.
“കഴിഞ്ഞ ലോകകപ്പ് ഞങ്ങൾക്ക് മികച്ചതായിരുന്നു. പക്ഷേ ലക്ഷ്യത്തിന് പിറകിലായിപ്പോയി, ഞങ്ങള്‍ക്ക് നേഷന്‍സ് ലീഗിലും ഇതുപോലൊരു സെമി ഫൈനല്‍ ഉണ്ടായിരുന്നു, ഇനി സെമി ഫൈനല്‍ എന്ന കടമ്പ കടക്കണം. അതാണ് ബുധനാഴ്ച ഞങ്ങള്‍ക്ക് ചെയ്യേണ്ടത്.” – കെയ്ന്‍ പറയുന്നു.
തന്നെക്കുറിച്ചും തന്റെ പ്രകടനങ്ങളെക്കുറിച്ചും ഗ്രൂപ്പ് ഘട്ടത്തില്‍ ധാരാളം സംസാരമുണ്ടായിരുന്നു, പക്ഷേ താന്‍ അതിനെ കാര്യമായി എടുക്കുന്നില്ല. തന്റെ ശ്രദ്ധ അടുത്ത കളിയിലാണ് എന്നും കെയ്ന്‍ വ്യക്തമാക്കി.
ബുധനാഴ്ച വെംബ്ലിയിൽ ഇംഗ്ലണ്ടിന്റെ എതിരാളികൾ ഡെന്മാർക്കാണ്. കഴിഞ്ഞ വർഷം നേഷൻസ് ലീഗിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here