പഴകിയ മത്സ്യം ഫ്രഷാക്കാൻ കശാപ്പുശാലകളിലെ രക്തം; എങ്ങനെ തിരിച്ചറിയാം

തിരുവനന്തപുരദി തീരാ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പഴകിയ മത്സ്യങ്ങളുടെ വിൽപ്പന സജ്ജീവമാകുന്നതായി പരാതി. കർണാടക, തമിഴ്നാട്, ആന്ധ്ര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും കണ്ടെയിനറുകളിൽ എത്തുന്ന പഴകിയ മത്സ്യങ്ങളാണ് നഗരപ്രദേശം വിട്ടുള്ള തീര പ്രദേശങ്ങളിൽ വിൽപ്പനയ്ക്ക് എത്തുന്നത്. അമോണിയ, ഫോർമാലിൻ പോലെയുള്ള രാസ വസ്തുക്കൾ ചേർത്ത മത്സ്യങ്ങളാണ് ഇവ.
അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വക്കം, മണമ്പൂർ തുടങ്ങിയ പഞ്ചായത്തുകളിലും ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയിലുമുൾപ്പെടെ വീടുകൾ തോറും വിൽപ്പനയ്ക്ക് കൊണ്ട് വരുന്നത് ഈ മത്സ്യങ്ങളാണ്.
അഞ്ചുതെങ്ങ് കടപ്പുറത്ത് നിന്നെന്ന വ്യാജേനയാണ് മത്സ്യങ്ങൾ വിപണിയിൽ എത്തിക്കുന്നത്. ആളുകളെ വിശ്വസിപ്പിക്കാനായി മീനുകളുടെ പുറത്ത് കുറച്ചക്കടൽ മണ്ണ് കൂടി വിതറും. ഇവ വാങ്ങി കഴിച്ചവർക്ക് തൊണ്ട ചൊറിച്ചിൽ പോലെയുള്ള അസ്വസ്ഥതകൾ അനുഭവപ്പെട്ടതായി പരാതിയുണ്ട്. എന്നാൽ ഈ മത്സ്യങ്ങളുടെ ഗുണ നിലവാരം പരിശോധിക്കാൻ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്ന് വേണ്ട നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഈ മത്സ്യങ്ങൾ രാത്രി തന്നെ ലേലം വിളിച്ച് വിൽക്കുകയാണ് പതിവ്. ഇടനിലക്കാർ ഈ മത്സ്യങ്ങൾ വാങ്ങുകയും ചെറുകിട കച്ചവടക്കാർക്ക് വിൽക്കുകയും ചെയ്യും.
കൊവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് നൂറുക്കണക്കിന് പേര് ലേലത്തിൽ പങ്കെടുക്കുന്നത്. പലപ്പോഴും ഈ ലേലം വിളി കാരണം റോഡിൽ ഗതാഗത കുരുക്ക് ഉണ്ടാകാറുണ്ടെന്നും പ്രദേശ വാസികൾ പറഞ്ഞു.
പഴക്കം തിരിച്ചറിയാം
മീനിന്റെ ചെകിളയുടെ നിറം മാറ്റം നോക്കി പഴക്കം കണ്ടെത്തുന്നതായിരുന്നു പഴയ രീതി. എന്നാൽ ഇപ്പോൾ കണ്ട് വരുന്നത്, അറവു ശാലകളിൽ നിന്ന് ശേഖരിക്കുന്ന രക്തം ചെകിളയിൽ ചെകിളയിൽ തേച്ചു പിടിപ്പിച്ച് വിൽപ്പനയ്ക്ക് വെക്കുന്ന രീതിയാണ്. സ്പര്ശനത്തിലൂടെ മീനിന്റെ പഴക്കം കണ്ടെത്തുക എന്നതാണ് മറ്റൊരു രീതി. മീനിൽ ബലമായി സ്പർശിച്ച ശേഷം കൈ എടുക്കുമ്പോൾ പെട്ടെന്ന് പഴയ രൂപത്തിലായാൽ അധികം പഴക്കമില്ലെന്ന് കണ്ടെത്താം. രാസവസ്തു സാന്നിധ്യമുണ്ടെങ്കിൽ പതുക്കെ മാത്രമേ സ്പർശിച്ച ഭാഗം പൂർവ സ്ഥിതിയിലെത്തു. പഴക്കം ചെന്ന് മീനുകൾക്ക് അസ്വഭാവികമായ ഗന്ധവുമുണ്ടാകാം.
മായം തിരിച്ചറിയാം
മായം കലർന്നിട്ടുണ്ടെങ്കിൽ മീനിന്റെ സ്വാഭാവിക ഗന്ധം നഷ്ടപ്പെടും. മീനിന്റെ കണ്ണിലുണ്ടാകുന്ന നിറം വ്യത്യാസം നോക്കിയും എളുപ്പത്തിൽ തിരിച്ചറിയാം.
അനാരോഗ്യ ഫലം
രാസവസ്തുക്കൾ അടങ്ങിയ മത്സ്യം കഴിച്ചാൽ ദഹനേന്ദ്രീയ വ്യവസ്ഥ, കരള്‍-വൃക്ക, ശ്വാസകോശം, ഹൃദയം, കേന്ദ്രനാഡീവ്യൂഹം എന്നിവയ്ക്ക് തകരാറുണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here