അര്‍ജുന്‍ ആയങ്കിയുടെ കസ്റ്റഡി; കസ്റ്റംസ് ആവശ്യം കോടതി തള്ളി

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസ് ആവശ്യം കോടതി തള്ളി. അര്‍ജുന്‍ ആയങ്കിയെ കോടതി റിമാന്‍ഡില്‍ വിട്ടു. ഏഴ് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് ഏജന്‍സി ആവശ്യപ്പെട്ടത്. അര്‍ജുന്റെ അഭിഭാഷകന്‍ കസ്റ്റംസ് കസ്റ്റഡിയില്‍ നല്‍കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതുവരെ പുതിയ കണ്ടെത്തലുകള്‍ കസ്റ്റംസ് നടത്തിയിട്ടില്ല. അതിനാല്‍ കൂടുതല്‍ ദിവസത്തേക്ക് കസ്റ്റഡിയില്‍ നല്‍കരുതെന്നായിരുന്നു വിശദീകരണം.
അതേസമയം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ മര്‍ദിച്ചെന്ന് അര്‍ജുന്‍ ആയങ്കി കോടതിയില്‍ ആരോപിച്ചു. രണ്ടാം ദിവസമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ നഗ്‌നനാക്കി മര്‍ദിച്ചതെന്ന് അര്‍ജുന്‍ ആയങ്കി കോടതിയില്‍ മൊഴി നല്‍കി. സിസിടിവി ഉണ്ടായിരുന്നില്ലേ എന്ന കോടതിയുടെ ചോദ്യത്തിന് തന്നെ കസ്റ്റംസ് സൂപ്രണ്ടിന്റെ മുറിയില്‍ വച്ചാണ് മര്‍ദിച്ചതെന്ന് അര്‍ജുന്‍ മൊഴി നല്‍കി. പരാതി കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.
ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് അര്‍ജുന്‍ ആയങ്കിയെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് അര്‍ജുന്‍ തനിക്കേറ്റ മര്‍ദനത്തിന്റെ കാര്യം കോടതിയില്‍ പറഞ്ഞത്.
Story Highlights: arjun ayanki, custody, customs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here