കൊടകര കള്ളപ്പണകവർച്ചാ കേസ്; കെ സുരേന്ദ്രന് വീണ്ടും നോട്ടിസ് നൽകാൻ അന്വേഷണ സംഘം

കൊടകര കള്ളപ്പണകവർച്ചാ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് അന്വേഷണസംഘം വീണ്ടും നോട്ടിസ് നൽകും. ഇന്ന് തൃശൂരിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും കെ.സുരേന്ദ്രൻ ചോദ്യം ചെയ്യലിന് എത്തില്ലെന്ന് അറിയിച്ചിരുന്നു.
മുൻകൂട്ടി നിശ്ചയിച്ച പാർട്ടി യോഗങ്ങൾ ഉള്ളതിനാൽ ഇന്ന് തൃശൂരിൽ എത്താൻ കഴിയില്ലെന്നാണ് ഫോണിൽ വിളിച്ച് അറിയിച്ചത്. എന്നാൽ കെ.സുരേന്ദ്രനെ ചോദ്യം ചെയ്യാൻ വീണ്ടും നോട്ടിസ് നൽകാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അടുത്ത ദിവസങ്ങളിൽ തന്നെ ഹാജരാകാനുള്ള നിർദേശം നൽകാനാണ് സാധ്യത. കൂടിയാലോചനകൾക്ക് ശേഷമാകും അന്തിമ തീരുമാനം. നിലവിൽ ഈ മാസം പതിമൂന്നാം തീയതി വരെ ഹാജരാകാൻ അസൗകര്യമുണ്ടെന്നാണ് കെ. സുരേന്ദ്രൻ അന്വേഷണസംഘത്തെ അറിയിച്ചത്.
പണവുമായെത്തിയ ധർമരാജനുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടതിനാണ് സുരേന്ദ്രനെ അന്വേഷണ സംഘം വിളിപ്പിച്ചിരിക്കുന്നത്. കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട പണം ആർക്കുവേണ്ടി എത്തിച്ചതാണ് എന്നത് സംബന്ധിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ട്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തങ്ങൾക്ക് വേണ്ടി എത്തിച്ച പണമാണിതെന്നാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോട്ടിലുള്ളത്.
Story Highlights: kodakara hawala money case, K surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here