ഡെന്മാര്‍ക്ക് ദേശീയ ഗാനത്തിനിടെ ഇംഗ്ലീഷ് ആരാധകരുടെ കൂക്കിവിളി; അപലപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

ഇംഗ്ലണ്ട്- ഡെന്മാര്‍ക്ക് യൂറോ കപ്പ് സെമി ഫൈനല്‍ മത്സരത്തിന്റെ ആരംഭത്തില്‍ ഡെന്‍മാര്‍ക്ക് ദേശീയഗാനത്തിനിടെ ഇംഗ്ലീഷ് ആരാധകര്‍ കൂകിവിളിച്ചതിനെ അപലപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. എതിരാളികളെ ബഹുമാനിക്കാന്‍ ആരാധകര്‍ തയാറാകണമെന്ന് ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. ഡെന്മാര്‍ക്ക് ദേശീയ ഗാനത്തിനിടെ കരിമരുന്ന് പ്രയോഗം നടത്തിയതിനെക്കുറിച്ച് യുവേഫ അന്വേഷണം നടത്തുകയാണ്.
അതേസമയം ഡെന്‍മാര്‍ക്കിനെതിരായ മത്സരത്തിനിടെ ഇംഗ്ലീഷ് ആരാധകര്‍ ലേസര്‍ ഉപയോഗിച്ചതിനെതിരെ യുവേഫ നടപടിയെടുത്തു. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ പെനാല്‍റ്റി കിക്ക് എടുക്കുന്നതിനിടെയാണ് ഡെന്‍മാര്‍ക്ക് ഗോള്‍കീപ്പറുടെ മുഖത്തേക്ക് ലേസര്‍ അടിച്ചത്.
ഇംഗ്ലണ്ട്-ഡെന്‍മാര്‍ക്ക് സെമിഫൈനലിന്റെ വിധി നിര്‍ണയിച്ച ഗോളിനെച്ചൊല്ലി ഇന്നലെ തന്നെ വിവാദം ഉയര്‍ന്നിരുന്നു. സ്റ്റെര്‍ലിങ്ങിനെ ഫൗള്‍ ചെയ്‌തെന്ന നിഗമനം തെറ്റെന്ന് റീപ്ലെകളില്‍ വ്യക്തമായിരുന്നു. പക്ഷെ വിവാദ പെനാല്‍റ്റി തീരുമാനത്തിന് പിന്നാലെ ഡെന്‍മാര്‍ക്ക് ഗോള്‍കീപ്പര്‍ കാസ്‌പെര്‍ സ്‌മൈക്കിളിന്റെ മുഖത്തേക്ക് ലേസര്‍ പ്രയോഗവും ഉണ്ടായി.
സംഭവത്തില്‍ ഇംഗ്ലണ്ടിനെതിരെ യുവേഫ നടപടി ഉണ്ടാകും. എന്താകും നടപടി എന്ന് വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും. മുന്‍പും കളിക്കാര്‍ക്ക് എതിരെ ലേസര്‍ ഉപയോഗിച്ച് ഇംഗ്ലണ്ടിലെ ഫുട്‌ബോള്‍ ആരാധകര്‍ കുപ്രസിദ്ധി നേടിയിട്ടുണ്ട്.
Story Highlights: denmark, english, euro cup 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here