ശ്രീലങ്ക രണ്ടാം നിര സ്ക്വാഡിലെ ഒരു താരത്തിനു കൊവിഡ് സ്ഥിരീകരിച്ചു എന്ന് റിപ്പോർട്ട്

ഇന്ത്യക്കെതിരായ പരിമിത ഓവർ മത്സരങ്ങൾക്കൊരുങ്ങുന്ന ശ്രീലങ്കയ്ക്ക് തിരിച്ചടി വർധിക്കുന്നു. പ്രധാന സ്ക്വാഡിൽ കൊവിഡ് പടർന്നാൽ പകരം കളിക്കാനിറക്കേണ്ട സ്ക്വാഡിലെ സൺഡൻ വീരക്കൊടിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്നാണ് റിപ്പോർട്ട്. ബാറ്റിംഗ് പരിശീലകൻ ഗ്രാൻഡ് ഫ്ലവർ, ഡാറ്റാ അനലിസ്റ്റ് ജി ടി നിരോഷൻ എന്നിവർക്കൊപ്പം ഒരു താരത്തിനു കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഈ താരം വീരക്കൊടി ആണോ എന്നതിൽ വ്യക്തതയില്ല. രണ്ടും ഒരാൾ ആണെങ്കിൽ പോലും രണ്ടാം നിര ക്യാമ്പിലും കൊവിഡ് സ്ഥിരീകരിച്ചത് പര്യടനത്തിൻ്റെ ഭാവിയെത്തന്നെ അവതാളത്തിലാക്കും.
കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ച പരമ്പര ആരംഭിക്കുക ഈ മാസം 18നാണ്. 17ന് പര്യടനം ആരംഭിക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ട്. ഇത് തള്ളിക്കൊണ്ട് ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് പുതുക്കിയ തീയതി അറിയിച്ചത്.
ജൂലൈ 13നാണ് ശ്രീലങ്ക-ഇന്ത്യ പര്യടനം ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ, ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ് തിരികെ എത്തിയ ശ്രീലങ്കൻ സ്ക്വാഡിൽ കൊവിഡ് പടർന്നതിനെ തുടർന്ന് പര്യടനം മാറ്റിവെക്കുകയായിരുന്നു. താരങ്ങളിൽ ഒരാൾക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. കൊവിഡിൻ്റെ ഡെൽറ്റ വകഭേദമാണ് ഇവരിൽ കണ്ടെത്തിയത്.
ജൂലൈ 18നാണ് പരമ്പരയിലെ ആദ്യ മത്സരം. 20,23 തീയതികളിൽ അടുത്ത മത്സരങ്ങളും നടക്കും. ടി-20 പരമ്പര ജൂലൈ 25ന് ആരംഭിക്കും.
Story Highlights: Player tests positive in alternate Srilanka squad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here