രണ്ട് ഇടങ്ങളിലായി രണ്ട് സ്ക്വാഡുകൾ; ശ്രീലങ്ക രണ്ടാം നിര ടീമിനെ പരീക്ഷിച്ചേക്കും

ക്യാമ്പിലെ കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ശ്രീലങ്ക രണ്ടാം നിര ടീമിനെ പരീക്ഷിച്ചേക്കാൻ സാധ്യത. ഇതിനായി രണ്ട് സ്ക്വാഡിനെ രണ്ട് ഇടങ്ങളിലായി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ക്വാറൻ്റീനിലാക്കിയിട്ടുണ്ട്. ഒരു സംഘം കൊളംബോയിലും മറ്റൊരു സംഘം ഡാംബുള്ളയിലുമാണ് ക്വാറൻ്റീനിൽ കഴിയുന്നത്. ഒരു ക്യാമ്പിലെ താരങ്ങൾക്കിടയിൽ കൊവിഡ് ബാധിച്ചാൽ ബാക്കപ്പ് സംഘത്തെയാവും ശ്രീലങ്ക ഇന്ത്യക്കെതിരെ കളത്തിലിറക്കുക.
അതേസമയം, കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ച പരമ്പര ആരംഭിക്കുക ഈ മാസം 18നാണ്. 17ന് പര്യടനം ആരംഭിക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ട്. ഇത് തള്ളിക്കൊണ്ട് ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് പുതുക്കിയ തീയതി അറിയിച്ചത്. ബാറ്റിംഗ് പരിശീലകൻ ഗ്രാൻഡ് ഫ്ലവർ, ഡാറ്റാ അനലിസ്റ്റ് ജി ടി നിരോഷൻ എന്നിവർക്കാണ് ശ്രീലങ്കൻ ക്യാംപിൽ കൊവിഡ് സ്ഥിരീകരിച്ചത്.
ജൂലൈ 13നാണ് ശ്രീലങ്ക-ഇന്ത്യ പര്യടനം ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ, ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ് തിരികെ എത്തിയ ശ്രീലങ്കൻ സ്ക്വാഡിൽ കൊവിഡ് പടർന്നതിനെ തുടർന്ന് പര്യടനം മാറ്റിവെക്കുകയായിരുന്നു. താരങ്ങളിൽ ഒരാൾക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. കൊവിഡിൻ്റെ ഡെൽറ്റ വകഭേദമാണ് ഇവരിൽ കണ്ടെത്തിയത്.
ജൂലൈ 18നാണ് പരമ്പരയിലെ ആദ്യ മത്സരം. 20,23 തീയതികളിൽ അടുത്ത മത്സരങ്ങളും നടക്കും. ടി-20 പരമ്പര ജൂലൈ 25ന് ആരംഭിക്കും.
Story Highlights: Sri Lankan players kept in two different cities
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here