സിക വൈറസ്: 17 പേരുടെ പരിശോധനാഫലവും നെഗറ്റീവ്

സിക വൈറസ് പരിശോധനയ്ക്കായി എന്‍.ഐ.വി. ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം അയച്ച 17 പേരുടെ പരിശോധനാ ഫലവും നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായി സിക വൈറസ് കണ്ടെത്തിയ പാറശാല സ്വദേശിയായ 24 വയസുകാരി താമസിച്ച നന്ദന്‍കോട് നിന്നും സ്വദേശമായ പാറശാല നിന്നും ശേഖരിച്ച സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
അതേസമയം ഈ യുവതിയ്ക്ക് സിക വൈറസ് രോഗമാണെന്ന് എന്‍.ഐ.വി. പൂന സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരായ 13 പേര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ 14 പേര്‍ക്കാണ് സംസ്ഥാനത്ത് സിക വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
വ്യാപകമായി പരിശോധന നടത്താനാണ് സർക്കാറിൻെറ തീരുമാനം. പനിയുള്ള ഗർഭിണികളെ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കുകയാണ്. അതേസമയം സംസ്ഥാനത്ത് സിക വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര സർക്കാറിൻെറ വിദഗ്ധ സംഘം ഇന്ന് തിരുവനന്തപുരത്ത് എത്തും. സ്ഥിതി നേരിട്ട് വിലയിരുത്തുകയാണ് ലക്ഷ്യം. ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി സംഘം കൂടിക്കാഴ്ച നടത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here