ഇന്തോനേഷ്യയിൽ ഓക്സിജൻ ക്ഷാമം; കൊവിഡ് കേസുകൾ ഉയരുന്നു

കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഓക്സിജൻ ക്ഷാമം നേരിടുകയാണ് ഇന്തോനേഷ്യ. കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന് ആരോഗ്യമേഖലയിൽ കടുത്ത പ്രതിസന്ധി നേരിട്ട ഇന്ത്യയ്ക്ക് ആയിരക്കണക്കിന് ടാങ്ക് ഓക്സിജൻ എത്തിച്ച് നൽകിയ രാജ്യമാണ് ഇന്തോനേഷ്യ. സിംഗപ്പൂർ, ചൈന തുടങ്ങിയ നിരവധി രാജ്യങ്ങളോട് സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ് ഇന്തോനേഷ്യ.
സിംഗപ്പൂർ കഴിഞ്ഞ വെള്ളിയാഴ്ച, 1000 ഓക്സിജൻ സിലിണ്ടറുകളും, കോൺസെൻട്രേറ്ററുകൾ, വെന്റിലേറ്ററുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങൾ ഇന്തോനേഷ്യയിൽ എത്തിച്ചിരുന്നു. ഇതിന് പുറമെ 36,000 ടൺ ഓക്സിജനും 10,000 കോൺസൻട്രേറ്റേഴ്സും സിംഗപ്പൂരിൽ നിന്ന് വാങ്ങാനുള്ള തീരുമാനത്തിലാണ് ഇന്തോനേഷ്യയെന്ന് മന്ത്രി ലുഹുത് ബിൻസാർ പണ്ഡ്ജെയ്തൻ പറഞ്ഞു. യു.എസും., യു.എ.ഇ.യും സഹായ വാഗ്ദാനം ചെയ്തിട്ടുണ്ട്. ചൈനയെയും ഇന്തോനേഷ്യ സഹായത്തിനായി സമീപിച്ചിട്ടുണ്ട്.
ലോകത്തെ നാലാമത്തെ ജനബാഹുല്യമുളള രാജ്യമാണ് ഇൻഡൊനീഷ്യ. 2.4 മില്യൺ കോവിഡ് 19 കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചിട്ടുളളത്. 63,760 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്. വ്യാഴാഴ്ച 39,000 പുതിയ കൊവിഡ് കേസുകൾ ഇൻഡൊനീഷ്യയിൽ സ്ഥിരീകരിച്ചിരുന്നു. കൊവിഡ് രോഗികൾ വർധിച്ചതോടെ ആശുപത്രികൾ നിറഞ്ഞുകവിഞ്ഞ അവസ്ഥയിലാണ്. അടിയന്തര ചികിത്സയ്ക്കായി കാത്തുകിടക്കുന്നവരും വീട്ടിൽ ഐസൊലേഷനിൽ കഴിയുന്നവരും മരിക്കുന്ന സംഭവങ്ങളും ഇവിടെ നിന്ന് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിൽ പരിഭ്രാന്തി പൂണ്ട് ആളുകൾ ഓക്സിജൻ സിലിണ്ടറുകൾ വാങ്ങിവെക്കുന്നതും രാജ്യത്തെ ഓക്സിജൻ ക്ഷാമത്തിന് കാരണമായിട്ടുണ്ടെന്നാണ് കണക്കുകൂട്ടൽ. യോഗ്യകാർതയിലെ ഒരു ആശുപത്രിയിൽ 63 കൊവിഡ് രോഗികളാണ് ഒരു ദിവസം മരിച്ചത്.
3400 ഓക്സിജൻ സിലിണ്ടറുകളും കോൺസൻട്രേറ്റേഴ്സുമാണ് ഇൻഡൊനീഷ്യ ഇന്ത്യക്ക് സംഭാവന ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here