സഹോദരിയേയും ഭർത്താവിനേയും ക്രൂരമായി മർദിച്ചു; പഴനി പൊലീസ് വേട്ടയാടുന്നുവെന്ന് യുവതിയുടെ ഭർത്താവ്

പഴനി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പീഡനത്തിനിരയായ യുവതിയുടെ ഭർത്താവ്. പഴനി പൊലീസ് വേട്ടയാടുകയാണെന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞു. ഡിണ്ടിഗല്ലിലുള്ള സഹോദരിയേയും ഭർത്താവിനേയും പൊലീസ് ക്രൂരമായി മർദിച്ചു. പൊലീസിനെതിരെ പരാതി നൽകിയതിനുള്ള പ്രതികാര നടപടിയാണിതെന്നും യുവതിയുടെ ഭർത്താവ് ട്വന്റിഫോറിനോട് പറഞ്ഞു.
പ്രതികൾക്ക് പൊലീസിന്റെ പിന്തുണയുണ്ടെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളെ കൊന്നാലും ആരും ചോദിക്കാൻ വരില്ലെന്നാണ് പറഞ്ഞത്. ഭാര്യയുടെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി. ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് പറഞ്ഞു. സംഭവ ശേഷം ഡിണ്ടിഗല്ലിലുള്ള സഹോദരിയുടെ വീട്ടിലേക്കാണ് പോയതെന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞു. അതിന് ശേഷമാണ് പരാതി നൽകാൻ പോയതും നാട്ടിലേയ്ക്ക് തിരിച്ചതും. ഇതിന് പിന്നാലെയാണ് ചേച്ചിയേയും ഭർത്താവിനേയും പൊലീസ് കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് മർദിച്ചു. സഹോദരിക്ക് ടോയ്‌ലറ്റിൽ പോകാൻ പോലും സാധിക്കാത്ത അവസ്ഥയുണ്ട്. തങ്ങൾ നേരിടുന്നത് ഗുരുതര അനാസ്ഥയാണെന്നും കേരള സർക്കാർ വിഷയത്തിൽ ഇടപെടണമെന്നും ഭർത്താവ് കൂട്ടിച്ചേർത്തു.
ജൂൺ പത്തൊൻപതിനാണ് സംഭവം നടന്നത്. പഴനിയിൽ ക്ഷേത്ര സന്ദർശനത്തിനെത്തിയ യുവതിക്കും ഭർത്താവിനും നേരെയാണ് അതിക്രമമുണ്ടായത്. സ്ത്രീയെ തട്ടിക്കൊണ്ടുപോയി ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഭർത്താവിനെ മർദിച്ച് അവശനാക്കിയ ശേഷമായിരുന്നു യുവതിക്ക് നേരെയുള്ള ക്രൂരത. ഗുരുതരമായി പരുക്കേറ്റ യുവതി തിരിച്ച് നാട്ടിൽ എത്തിയ ശേഷമാണ് ചികിത്സ തേടിയത്.
Story Highlights: Pazhani rape case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here