കാൽമുട്ടിനു പരുക്ക്; റോജർ ഫെഡറർ ഒളിമ്പിക്സിൽ നിന്ന് പിന്മാറി

കാൽമുട്ടിനു പരുക്കേറ്റതിനെ തുടർന്ന് ഇതിഹാസ ടെന്നിസ് താരം റോജർ ഫെഡറർ ടോക്യോ ഒളിമ്പിക്സിൽ നിന്ന് പിന്മാറി. ഫെഡറർ തന്നെയാണ് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ഇക്കാര്യം അറിയിച്ചത്. ഒളിമ്പിക്സിൽ നിന്ന് പിന്മാറേണ്ടി വന്നതിൽ നിരാശനാണെന്നും പരുക്കിൽ നിന്ന് മുക്തനാവാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റൊരു ഇതിഹാസ താരമായ റാഫേൽ നദാലും ഒളിമ്പിക്സിൽ നിന്ന് പിന്മാറിയിരുന്നു. തൻ്റെ ആരോഗ്യം പരിഗണിച്ചാണ് പിന്മാറ്റമെന്ന് നദാൽ ട്വിറ്ററിൽ കുറിച്ചു. പിന്മാറ്റം എളുപ്പമായിരുന്നില്ലെന്നും ശരീരത്തിൻ്റെ അവസ്ഥ പരിഗണിക്കുമ്പോൾ അതാണ് ശരിയായ തീരുമാനമെന്നും 35കാരനായ താരം പറഞ്ഞു.
അതേസമയം, ഈയിടെ നടന്ന വിംബിൾഡൺ ടൂർണമെൻ്റിൻ്റെ ക്വാർട്ടർ ഫൈനലിൽ വച്ച് ഫെഡറർ പുറത്തായിരുന്നു. പോളണ്ടിൻ്റെ ഹുബെർട്ട് ഹുർകാസ് ആണ് നേരിട്ടുള്ള സെറ്റുകൾക്ക് ഫെഡററെ കീഴ്പ്പെടുത്തിയത്. വിംബിൾഡൺ ക്വാർട്ടറിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടവുമായെത്തിയ ഫെഡറെറെയാണ് ഹുർകാസ് വീഴ്ത്തിയത്. ഓപ്പൺ യുഗത്തിൽ വിംബിൾഡൺ അവസാന എട്ടിൽ എത്തുന്ന ഏറ്റവും പ്രായം കൂടിയ താരമായ ഫെഡറർ 1977 നു ശേഷം ഗ്രാൻഡ് സ്ലാം ക്വാർട്ടറിൽ എത്തുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡും കുറിച്ചു. ഫെഡററുടെ 58ആം ഗ്രാൻഡ് സ്ലാം ക്വാർട്ടറായിരുന്നു ഇത്. വിംബിൾഡണിൽ ഇത് അദ്ദേഹത്തിൻ്റെ 18ആം ക്വാർട്ടർ ഫൈനലായിരുന്നു.
Story Highlights: Roger Federer Withdraws From Tokyo Olympics
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here