മഴക്കാലത്ത് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണ സാധനങ്ങൾ

ഒരു വർഷത്തിലെ പ്രധാനപ്പെട്ട സീസണുകളിൽ ഒന്നാണ് മഴക്കാലം. നമ്മളുടെ ഉള്ളിലെ ഭക്ഷണപ്രിയരെ കെട്ടഴിച്ചു വിടാൻ പലരും ആഗ്രഹിക്കുന്ന ഒരു സമയം കൂടിയാണിത്. മറ്റ് സീസണുകൾ അപേക്ഷിച്ച് രോഗം പിടിപെടാൻ ഏറെ സാധ്യതയുള്ള ഒരു സമയം കൂടിയാണ് കാലവർഷം. ഇത്തരം രോഗങ്ങൾ വരുന്നതിൽ നമ്മുടെ ഭക്ഷണ രീതിക്ക് ഒരു പ്രധാന പങ്കുണ്ട്. ശുചിത്വം പോലെ തന്നെ പ്രധാനമാണ് ഭക്ഷണവും. എന്നാൽ മഴക്കാലത്ത് ഭക്ഷണം വലിച്ച് വാരി കഴിക്കരുത്. കാരണം മഴക്കാലത്ത് ദഹനം നടക്കാൻ വളരെ പ്രയാസമാണ്. അത് കൊണ്ട് തന്നെ എളുപ്പം ദഹിക്കാൻ പറ്റുന്ന ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്. മഴക്കാലം വളരെ ആസ്വാദ്യമായ കാലമാണെങ്കിലും ടൈഫോയ്ഡ്, ഭക്ഷ്യ വിഷബാധ, ഡയേറിയ തുടങ്ങിയ രോഗങ്ങള്‍ വ്യാപിക്കാന്‍ സാധ്യത കൂടിയ കാലഘട്ടം കൂടിയാണ് ഇതെന്ന് നമ്മള് ഓര്‍ക്കേണ്ടതുണ്ട്. ഋതുമാറ്റത്തിന്റെ ഭാഗമായുണ്ടാകുന്ന പനിയും ഫ്ലൂവുമൊക്കെ ഒഴിച്ച് നിര്‍ത്തിയാല്‍ ജലത്തിലൂടെ പകരുന്ന രോഗങ്ങള്‍ ഈ സമയത്ത് ആളുകളെ വ്യാപകമായി ബാധിക്കാറുണ്ട്. അതിനാല്‍, മഴക്കാലത്ത് ഉടനീളം അതീവശ്രദ്ധ പുലര്‍ത്തേണ്ടത് അനിവാര്യമാണ്. മഴക്കാലത്ത് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ചില ഭക്ഷണ സാധനങ്ങളെ കുറിച്ച് പറയാം;
എന്തൊക്കെ കഴിക്കാം?
മഴക്കാലത്ത് അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് വളരെ കൂടുതലായിരിക്കും. അതിനാൽ ആളുകൾ പതിവിലും അധികം വിയർക്കാനുള്ള സാധ്യതയുണ്ട്. അതിന്റെ ഫലമെന്നോണം ശരീരത്തില്‍ അടങ്ങിയിട്ടുള്ള അവശ്യ ലവണങ്ങളുടെ അളവ് കുറയുന്നു. ഈ കാലത്ത് ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സൂപ്പ്, ഹെര്‍ബല്‍ ചായ മുതലായ ആരോഗ്യകരമായ പാനീയങ്ങള്‍ ധാരാളമായി കുടിക്കണം.
പഴങ്ങൾ ധാരാളമായി കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് ശരീരത്തിൽ ആവശ്യത്തിന് ജീവകങ്ങളും ധാതുക്കളും പ്രദാനം ചെയ്യും. ചുരയ്ക്ക, പീച്ചിങ്ങ, പാവയ്ക്ക, മത്തങ്ങ മുതലായ പച്ചക്കറികള്‍ ഈ കാലത്ത് ധാരാളമായി ലഭിക്കും. ഇവയെല്ലാം നാരുകളാലും ആന്റി-ഓക്സിഡന്റുകളാലും സമ്പുഷ്ടമാണ്. ആമാശയത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ ഇവ സഹായിക്കുന്നു. കുരുമുളക്, തുളസി, പുതിന, വേപ്പ് തുടങ്ങിയ ഔഷധസസ്യങ്ങളും സുഗന്ധ വ്യഞ്ജനങ്ങളും കഴിക്കണം. ഇവയിലെ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ഫ്ലൂ പോലെയുള്ള രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു.
മഴക്കാലത്ത് ചോളം, ബാർലി എന്നിവ കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് ശരീരത്തിൽ വെള്ളം കെട്ടി നിൽക്കുന്നത് തടയും. അണുബാധ തടയാൻ കഴിവുള്ള പാവയ്ക്ക, മഞ്ഞൾ, ഉലുവ തുടങ്ങിയ ഭക്ഷണങ്ങൾ മഴക്കാലത്ത് കഴിക്കുന്നത് നല്ലതാണ്. ശരീരത്തിന് ചൂടും ഒപ്പം പ്രോട്ടീനും നല്കുന്നതു കൊണ്ട് മുട്ട ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം. വേണ്ട രീതിയില്‍ പാകം ചെയ്തതാണെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം കഴിക്കുക. ഇഞ്ചിയിട്ട ചായ കുടിക്കുന്നതും ദഹനത്തെ സഹായിക്കും. ശരീരത്തിന് ഉന്മേഷം നൽകാനും ഇത് മികച്ചതാണ്. വെളുത്തുള്ളി, മല്ലി തുടങ്ങിയവ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും. കൂൺ പ്രതിരോധ ശേഷി നൽകാനും അണുബാധ തടയാനും സഹായിക്കുന്ന ഒന്നാണ്. മഴക്കാലത്ത് വരാവുന്ന ജലദോഷം തൊണ്ടവേദന പോലുള്ള രോഗങ്ങൾക്ക് തേൻ ഒരു നല്ല മരുന്നാണ്. മഴക്കാലത്ത് പൊതുവെ ദാഹം തോന്നില്ലെങ്കിലും, ധാരാളം ശുദ്ധജലം കുടിക്കാൻ ശ്രദ്ധിക്കുക. ശരീരത്തിൽ ഈർപ്പം നിലനിർത്താൻ ഇത് സഹായിക്കും.
എന്തൊക്കെ ഒഴിവാക്കണം?
ഈർപ്പവും ഊഷ്മാവും ഉയരുന്ന കാലാവസ്ഥയിൽ ഇല വർഗങ്ങളിൽപ്പെട്ട പച്ചക്കറികളിൽ ഫംഗസ് വളരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ, ഈ സമയത്ത് ഇത്തരത്തിലുള്ള പച്ചക്കറികൾ ഒഴിവാക്കുന്നതാണ് നല്ലത്. അവ ഒഴിവാക്കാൻ കഴിയില്ലെങ്കിൽ നന്നായി കഴിക്കായതിന് ശേഷം ഉപയോഗിക്കുക. നന്നായി വേവിവച്ചതിന് ശേഷം മാത്രമേ പച്ചക്കറികൾ ഉപയോഗിക്കാവു.
മഴക്കാലം ദഹന വ്യവസ്ഥയുടെ പ്രവർത്തനത്തെ പല രീതിയിലും സ്വാധീനിക്കാറുണ്ട്. അത് പോലെ തന്നെ എണ്ണ മായം അധികമുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക. പൊതുവെ ആരോഗ്യത്തിന് ദോഷകരമായ ഭക്ഷണങ്ങൾ ആണിവ. കാലവര്‍ഷത്തില്‍ നമ്മള് നേരിടാറുള്ള പ്രധാനപ്പെട്ട മറ്റൊരു പ്രശ്നം ജലമലിനീകരണം ആണ്. അതിനാല്‍ എല്ലാത്തരം മത്സ്യങ്ങളും ഉള്‍പ്പെടെയുള്ള സമുദ്ര വിഭവങ്ങള്‍ പാടെ ഒഴിവാക്കുന്നതാണ് നല്ലത്. ഒരുപക്ഷെ സമുദ്രമത്സ്യങ്ങള്‍ അപകടകരമായ രോഗങ്ങളുടെ വാഹകര്‍ ആയേക്കാം. നോൺ വെജ് ഭക്ഷണങ്ങൾ മഴക്കാലത്ത് ഒഴിവാക്കുക. നിർബന്ധമെങ്കിൽ നന്നായി വൃത്തിയാക്കി വേവിച്ച് കഴിക്കുക. ഉപ്പിന്റെ അമിത ഉപയോഗം ഒഴിവാക്കുക. ഇത് ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾക്ക് വഴിവെക്കും. മഴക്കാലത്ത് ഫ്രിഡ്ജിൽ വച്ച ഭക്ഷണങ്ങൾ ഉപയോഗിക്കാതിരിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here