Advertisement

‘കേസ് ഒതുക്കി തീർക്കാൻ മന്ത്രി പല തവണ ശ്രമിച്ചു; പരാതി പൊലീസ് അവഗണിച്ചു’; പ്രതികരിച്ച് പരാതിക്കാരി

July 20, 2021
1 minute Read
complainst against saseendran

പീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി എ. കെ ശശീന്ദ്രൻ നിരവധി തവണ ഇടപെട്ടുവെന്ന് പരാതിക്കാരി ട്വന്റിഫോറിനോട്. കേസ് നൽകുന്നതിന് മുൻപ് പലരേയും കൊണ്ട് വിളിപ്പിച്ചു. മന്ത്രി പറഞ്ഞിട്ടാണ് വിളിപ്പിക്കുന്നതെന്ന് അവർ പറഞ്ഞിരുന്നു. പരാതി നൽകിയിട്ട് പൊലീസ് അവഗണിച്ചെന്നും യുവതി പറഞ്ഞു. (complainst against saseendran)

മാർച്ച് ആറിനാണ് സംഭവം നടന്നതെന്ന് യുവതി പറഞ്ഞു. കുണ്ടറിയിലേക്ക് വരുന്ന വഴി ആരോപണവിധേയനായ എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗം ജെ. പത്മാകരൻ തന്നെ വിളിച്ചു. അയാളുടെ ഉടമസ്ഥതയിലുള്ള ഗംഗ ഹോട്ടലിലേയ്ക്ക് വരാൻ പറഞ്ഞു. ബിജെപിക്കാരി കയറി ചെയ്യാൻ പറഞ്ഞ് പരിഹസിക്കുകയായിരുന്നു. എങ്ങനെയുണ്ട് പാർട്ടി പ്രവർത്തനമെന്ന് ചോദിച്ചു. നല്ല രീതിയിൽ വർക്ക് ചെയ്യുന്നുണ്ടെന്ന് മറുപടി നൽകി. ഫാഷന് വേണ്ടിയാണോ ബിജെപിയുടെ ഭാഗമായതെന്ന് ചോദിച്ചു. അങ്ങനെയാണെങ്കിൽ മത്സരിക്കേണ്ടിയിരുന്നില്ലെന്നും പറഞ്ഞു. കാശിന് വേണ്ടിയാണ് മത്സരിക്കുന്നതെങ്കിൽ കൂടുതൽ പണം നൽകാമെന്ന് പറഞ്ഞ് തന്റെ കൈക്ക് കയറി പിടിക്കുകയായിരുന്നുവെന്നും പരാതിക്കാരി വ്യക്തമാക്കി.

Read Also: പീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി എ. കെ ശശീന്ദ്രന്റെ ഇടപെടൽ; തെളിവ് പുറത്ത്

അവിടെ നിന്നിറങ്ങിയ താൻ സുഹൃത്തിനോട് കാര്യം പരഞ്ഞു. പത്മാകരന് സ്വാധീനം ഉള്ളതുകൊണ്ട് ആരോടും പറയേണ്ടെന്ന് പറഞ്ഞു. വീട്ടുകാരോട് പോലും പറഞ്ഞില്ല. തുടർന്ന് ജൂൺ 27 ന് എൻസിപിയുടെ കൊല്ലം വാട്‌സ്ആപ്പ് ഗ്രൂപ്പിൽ തന്റെ പോസ്റ്റർ ഇട്ടു. കാശിന് വേണ്ടിയാണ് മത്സരിക്കുന്നതെന്ന് പറഞ്ഞായിരുന്നു തന്റെ തെരഞ്ഞെടുപ്പ് പോസ്റ്ററിട്ടത്. പപ്പ വിളിച്ച് അത് പിൻവലിക്കണമെന്ന് പറഞ്ഞു. പത്മാകരൻ അതിന് തയ്യാറായില്ല. ഇതിന് പിന്നാലെ കുണ്ടറ പൊലീസിൽ പരാതി നൽകി. അന്വേഷണം നടത്താൻ പൊലീസ് തയ്യാറായിട്ടില്ലെന്നും എഫ്‌ഐആർ പോലുമിട്ടിട്ടില്ലെന്നും യുവതി കൂട്ടിച്ചേർത്തു.

പീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി എ. കെ ശശീന്ദ്രൻ ഇടപെട്ടതായായിരുന്നു ആരോപണം. പരാതി നല്ല രീതിയിൽ തീർക്കണമെന്ന് മന്ത്രി പരാതിക്കാരിയുടെ പിതാവിനോട് ആവശ്യപ്പെടുന്ന ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. എ. കെ ശശീന്ദ്രനാണെന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ് പരാതിക്കാരിയുടെ പിതാവിന് മന്ത്രിയുടെ ഫോൺ കോൾ എത്തിയത്. മന്ത്രി എ. കെ ശശീന്ദ്രനാണോ എന്ന് പരാതിക്കാരിയുടെ പിതാവ് ചോദിക്കുന്നു. ഇതിന് ശേഷമാണ് അവിടെ പാർട്ടിയിൽ ഒരു പ്രശ്‌നമുണ്ടെന്ന് മന്ത്രി പറയുന്നത്. ഇവിടെ പാർട്ടിയിൽ പ്രശ്‌നമൊന്നുമില്ലെന്നും മന്ത്രി പറയുന്നത് തനിക്ക് മനസിലാകുന്നില്ലെന്നും പിതാവ് പറയുന്നു. നേരിട്ട് കാണാമെന്ന് മന്ത്രി പറയുന്നുണ്ട്. തന്റെ മകളെ കൈക്ക് പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസാണ് മന്ത്രി തീർപ്പാക്കാൻ പറയുന്നതെന്ന് പരാതിക്കാരിയുടെ പിതാവ് പറയുമ്പോൾ നല്ല രീതിയിൽ തീർക്കണമെന്ന് ശശീന്ദ്രൻ പറയുന്നുണ്ട്. നല്ല രീതിയിൽ എന്നു പറഞ്ഞാൽ അതെങ്ങനെയാണെന്ന് പിതാവ് ചോദിക്കുന്നു. ഇതിന് കൃത്യമായ മറുപടി പറയാതെ മന്ത്രി ഒഴിഞ്ഞുമാറുകയാണ്.

Story Highlights: complainst against saseendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top