ബ്ലാസ്റ്റേഴ്സിലെത്തിയ പുതിയ താരം; ആരാണ് അഡ്രിയാൻ ലൂണ?

അവിചാരിതമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ തങ്ങളുടെ ആദ്യ വിദേശതാരത്തെ പ്രഖ്യാപിച്ചത്. 29കാരനായ അഡ്രിയാൻ നിക്കോളസ് ലൂണ റെറ്റമാർ എന്ന അഡ്രിയാൻ ലൂണയെ ടീമിൽ എത്തിച്ചു എന്ന് ഇന്നലെ രാത്രിയാണ് ക്ലബ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ അറിയിച്ചത്. സാധാരണ രീതിയിൽ പുതിയ താരങ്ങളെ സൈൻ ചെയ്യുമ്പോഴൊക്കെ ബിൽഡപ്പ് നടത്താറുള്ള ബ്ലാസ്റ്റേഴ്സ് ഇക്കുറി വളരെ രഹസ്യമായാണ് സൈനിങ് പ്രഖ്യാപനം നടത്തിയത്. ക്ലബുമായി ചേർന്ന് കേൾക്കുന്ന അഭ്യൂഹങ്ങളിൽ ഒരിക്കൽ പോലും ഈ ഉറുഗ്വേക്കാരൻ്റെ പേര് കേട്ടതുമില്ല. ഊഹക്കച്ചവടക്കാരെയൊക്കെ നിരാശരാക്കി ഇവിടെ സ്കോർ ചെയ്തത് ക്ലബ് തന്നെയാണ്. ( Kerala Blasters Adrian Luna )
Read Also: ഹർമൻജോത് ഖബ്ര ബ്ലാസ്റ്റേഴ്സിൽ; പത്താം നമ്പർ ജഴ്സിയിൽ കളിക്കും
അറ്റാക്കിംഗ് മിഡ്ല്ഫീൽഡറായ ലൂണ, ഓസ്ട്രേലിയയിലെ എ ലീഗിൽ കളിക്കുന്ന മെൽബൺ സിറ്റിയിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുന്നത്. കഴിഞ്ഞ സീസണിഒൽ 24 മത്സരങ്ങൾ കളിച്ച ലൂണ മൂന്ന് ഗോളുകളും 4 അസിസ്റ്റും നേടി. അത്‌ലെറ്റിക്കോ പ്രോഗ്രെസോ, മോണ്ടെവിഡിയോ വാണ്ടറേഴ്‌സ്, ഡിഫെൻസർ സ്‌പോർട്ടിങ് എന്നീ ഉറുഗ്വേൻ ക്ലബുകളുടെ യൂത്ത് ടീമിലൂടെ കരിയർ ആരംഭിച്ച താരം ഡിഫൻസോർ സ്പോർട്ടിംഗിലൂടെ പ്രൊഫഷണൽ കരിയർ ആരംഭിച്ചു. അവിടെ 38 മത്സരങ്ങൾ കളിച്ച് നാല് ഗോളുകൾ നേടിയ താരം സ്പാനിഷ് ക്ലബ് എസ്പാന്യോളിലേക്ക് കൂടുമാറി. എസ്പ്യാന്യോളിനു വേണ്ടി ഒരു മത്സരം പോലും കളിക്കാൻ താരത്തിനു കഴിഞ്ഞില്ല. ലൂണയെ ക്ലബ് വിവിധ ക്ലബുകളിലേക്ക് വായ്പ നൽകി.
2013ൽ ഡിഫെൻസറിലേക്ക് മടങ്ങിയെത്തിയ താരം രണ്ട് സീസണുകളിലായി 51 മത്സരങ്ങളിൽ ബൂട്ടണിഞ്ഞു. 2019 ജൂലൈയിലാണ് താരം മെൽബൺ സിറ്റിയുമായി കരാറിലെത്തുന്നത്. 49 മത്സരങ്ങളിൽ താരം ക്ലബിനായിബൂട്ടണിഞ്ഞു. 8 ഗോളുകളാണ് ലൂണ മെൽബൺ സിറ്റിക്ക് വേണ്ടി സ്കോർ ചെയ്തത്.
ഉറുഗ്വേ ദേശീയ ടീമിൻ്റെ ഏജ് ഗ്രൂപ്പുകളിൽ കളിച്ചിട്ടുള്ള താരം ഉറുഗേ അണ്ടർ-17, അണ്ടർ-20 ടീമുകൾക്കായി 19 മത്സരങ്ങൾ കളിച്ചു. അണ്ടർ-17, അണ്ടർ-20 ലോകകപ്പുകളിലും താരം കളത്തിലിറങ്ങി.
അറ്റാക്കിംഗ് മിഡ്ഫീൽഡർ ആണെങ്കിലും വിങ്ങറായി കളിക്കാനും ലൂണയ്ക്ക് കഴിയും. ബ്രഹത്തായ കളിപരിചയമുള്ള താരം പന്തടക്കത്തിൽ മിടുക്കനാണ്. രണ്ട് വർഷത്തേക്കാണ് താരത്തിൻ്റെ കരാർ.
Story Highlights: Kerala Blasters sign Adrian Luna
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here