സ്പുട്‌നിക്ക് വാക്‌സിൻ കേരളത്തിലും; നിർമ്മാണ യൂണിറ്റിന് സംസ്ഥാനം പരിഗണനയിൽ

സ്പുഡ്‌നിക്ക് വാക്‌സിൻ നിർമ്മാണ യൂണിറ്റ് കേരളത്തിലും വന്നേക്കുമെന്ന് റിപ്പോർട്ട്. സ്പുഡ്‌നിക്ക് വാക്‌സിൻ നിർമ്മാണ യൂണിറ്റിന് തിരുവനന്തപുരത്തെ തോന്നയ്ക്കലാണ് പരിഗണനയിൽ.
സ്പുട്‌നിക് വാക്‌സിൻ റഷ്യയ്ക്ക് പുറത്ത് ആദ്യമായിട്ട് നിർമിക്കുക ഇന്ത്യയിലായിരക്കും എന്ന് ഏകദേശ ധാരയായിട്ടുണ്ട്. ആദ്യ പരിഗണന ഗുജറാത്തിനും രണ്ടാം പരിഗണനയിൽ കേരളവുമുണ്ട്. തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിലാണ് നിർമ്മാണ യൂണിറ്റ്. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാകും യൂണിറ്റ് ആരംഭിക്കുക.
ഇതുമായി ബന്ധപ്പെട്ട സാധ്യതകൾ റഷ്യൻ അധികൃതർ കേരളത്തിലെ കെഎസ്‌ഐഡിസിയും കേരളത്തിലെ ഉന്നതാധികാര സമിതിയുമായും ചർച്ച നടത്തി. പ്രദേശത്തെ സ്വഭാവസവിശേഷത, വെള്ളത്തിന്റെ ലഭ്യത എന്നിവയെല്ലാം പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്തു. വെള്ളത്തിന്റെ ലഭ്യത കണക്കിലെടുത്താൽ ഗുജറാത്തിനേക്കാൾ മേൽക്കൈ കേരളത്തിനാകും.
റഷ്യൻ കൊവിഡ് വാക്‌സിനായ സ്പുട്‌നിക് പരീക്ഷണാർഥം ഉൽപാദിപ്പിക്കാൻ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് അനുമതി ലഭിച്ചിരുന്നു. ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയാണ് (ഡിസിജിഐ) അനുമതി നൽകിയത്. മോസ്‌കോയിലെ ഗമാലയ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയുമായി ചേർന്നായിരിക്കും സീറം ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുക.
സ്പുട്‌നിക് വി കൊവിഡ് ഡെൽറ്റ വകഭേദത്തിന് ഫലപ്രദം
കൊവിഡ് ഡെൽറ്റ വകഭേദത്തിന് സ്പുട്‌നിക് വി വാക്‌സിൻ ഫലപ്രദമെന്ന് റഷ്യ അറിയിച്ചിരുന്നു. റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ സ്പുട്‌നിക് വി തന്നെ ആർഡിഐഎഫിന്റെ പ്രസ്താവന പുറത്തുവിട്ടു. സ്പുട്‌നിക് വാക്‌സിന് 1145 രൂപയാണ് സ്വകാര്യ ആശുപത്രികളിലെ പരമാവധി വില. ആശുപത്രി നിരക്കുകളും നികുതിയുമൊക്കെ ഉൾപ്പെടെയാണ് ഈ വില.
Read Also : സ്പുട്‌നിക് വാക്‌സിന് അനുമതി
ഏപ്രിലിലാണ് സ്പുട്‌നിക് വി-ക്ക് രാജ്യത്ത് നുമതി ലഭിച്ചത്. ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. വിദഗ്ധ സമിതിയാണ് അനുമതി നൽകിയത്.
ഇന്ത്യയിൽ ഡോ.റെഡ്ഡീസ് വികസിപിച്ച വാക്‌സിന് 91.6 ശതമാനം ക്ഷമതയാണ് ഉള്ളത്. ഫെബ്രുവരി 19ന് അടിയന്തര ഉപയോഗത്തിനായി അനുമതി തേടിക്കൊണ്ട് ഡോ.റെഡ്ഡീസ് അപേക്ഷ സമർപ്പിച്ചിരുന്നു. ഇന്ത്യയിൽ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിനാണ് ഇത്. നിലവിൽ രാജ്യത്ത് നാല് വാക്‌സിനുകൾക്ക് അനുമതിയുണ്ട്. കൊവിഷീൽഡ്, കൊവാക്‌സിൻ, സ്പുട്‌നിക് വി, മൊഡേണ എന്നിവയാണ് രാജ്യത്ത് അനുമതി നൽകിയ കൊവിഡ് വാക്‌സിനുകൾ.
Story Highlights: Kerala manufacture Sputnik V
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here