അരങ്ങേറ്റത്തിൽ ചരിത്രം കുറിച്ച് ഇന്ത്യ; ഇത്രയധികം താരങ്ങൾ അരങ്ങേറുന്നത് 41 വർഷങ്ങൾക്കു ശേഷം

ശ്രീലങ്കക്കെതിരായ അവസാന ഏകദിനത്തിൽ അഞ്ച് താരങ്ങൾ അരങ്ങേറിയതിൽ റെക്കോർഡുമായി ഇന്ത്യ. 41 വർഷങ്ങൾക്കു ശേഷമാണ് അഞ്ച് താരങ്ങൾ ഒരുമിച്ച് അരങ്ങേറുന്നത്. 1980ൽ ഓസ്ട്രേലിയക്കെതിരെയാണ് മുൻപ് ഇന്ത്യ അഞ്ച് താരങ്ങൾക്ക് ഒരുമിച്ച് ആദ്യ മത്സരം കളിക്കാൻ അവസരം നൽകുന്നത്. ( 5 debutants india record )
1980ൽ, ഓസ്ട്രേലിയക്കെതിരെ എംസിജിയിൽ നടന്ന മൂന്നാം ഏകദിന മത്സരത്തിലാണ് ഇന്ത്യക്കായി അഞ്ച് താരങ്ങൾ അരങ്ങേറിയത്. ദിലീപ് ദോഷി, കീർത്തി ആസാദ്, റോജർ ബിന്നി, സന്ദീപ് പാട്ടീൽ, തിരുമലൈ ശ്രീനിവാസൻ എന്നീ താരങ്ങളാണ് അന്ന് ഇന്ത്യക്ക് വേണ്ടി കളിച്ച പുതുമുഖങ്ങൾ.
Read Also: ടി-20 അരങ്ങേറ്റത്തിന് 2196 ദിവസങ്ങൾക്കു ശേഷം ഏകദിന അരങ്ങേറ്റം; റെക്കോർഡുമായി സഞ്ജു
അന്ന് 64 റൺസ് നേടിയ സന്ദീപ് പാട്ടീൽ ആയിരുന്നു ഇന്ത്യയുടെ ടോപ്പ് സ്കോറർ. സയ്യിദ് കിർമാനി (48), ദിലീപ് വെങ്സാർക്കർ (22), ഗുണ്ടപ്പ വിശ്വനാഥ് (22) എന്നിവരും ഭേദപ്പെട്ട രീതിയിൽ ബാറ്റ് ചെയ്തപ്പോൾ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 142 റൺസ് എടുക്കുന്നതിനിടെ ഓൾഔട്ടാവുകയും ഇന്ത്യ 66 റൺസിൻ്റെ വിജയം സ്വന്തമാക്കുകയും ചെയ്തു. ഒരു വിക്കറ്റെടുത്ത് ബൗളിംഗിലും തിളങ്ങിയ സന്ദീപ് പാട്ടീൽ ആയിരുന്നു അന്ന് കളിയിലെ താരം.
അതേസമയം, ടി-20 അരങ്ങേറ്റത്തിനും ഏകദിന അരങ്ങേറ്റത്തിനുമിടയിൽ ഏറ്റവും നീണ്ട കാലയളവ് കാത്തിരിക്കേണ്ട വന്ന താരം എന്ന റെക്കോർഡ് മലയാളി താരം സഞ്ജു സാംസൺ സ്വന്തമാക്കി. ശ്രീലങ്കക്കെതിരായ അവസാന ഏകദിനത്തിൽ അരങ്ങേറിയതോടെയാണ് സഞ്ജു റെക്കോർഡ് നേട്ടത്തിലെത്തിയയത്. വെസ്റ്റ് ഇൻഡീസിൻ്റെ ആഷ്ലി നഴ്സിൻ്റെ റെക്കോർഡാണ് സഞ്ജു തകർത്തത്.
Story Highlights: 5 debutants india record
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here