കരുവന്നൂര്‍ ബാങ്ക് അഴിമതി കേസ് പ്രതിക്ക് തേക്കടിയില്‍ വമ്പന്‍ റിസോര്‍ട്ട്; കോടികള്‍ ഒഴുകിയത് നിര്‍മാണത്തിന്; ട്വന്റിഫോര്‍ എക്‌സ്‌ക്ലൂസീവ്

കരുവന്നൂര്‍ ബാങ്ക് അഴിമതി കേസ് പ്രതിക്ക് തേക്കടിയില്‍ വമ്പന്‍ റിസോര്‍ട്ട്. മുരിക്കടിയില്‍ ബിജോയുടെ വമ്പന്‍ റിസോര്‍ട്ടിന്റെ നിര്‍മാണം നടക്കുന്നതായി കണ്ടെത്തി. തേക്കടി റിസോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് 2014ല്‍ കുമളി പഞ്ചായത്തില്‍ നിന്ന് അനുമതി ലഭിച്ചത്. ആദ്യ ഘട്ടത്തില്‍ രണ്ടര ഏക്കര്‍ പ്രോജക്ടിനായിരുന്നു അനുമതി തേടിയത്. രണ്ടാം ഘട്ടത്തില്‍ 18 കോടിയുടെ നിര്‍മാണത്തിന് അനുമതി നല്‍കി.
ഇപ്പോള്‍ നിര്‍മാണ പ്രവര്‍ത്തനം നിലച്ച അവസ്ഥയാണ്. 18 ലക്ഷം കരാറുകാരന് ലഭിക്കാനുണ്ട്. ഇതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് നിര്‍മാണം നിലച്ചതെന്നും വിവരം. പദ്ധതിയുടെ മാനേജിംഗ് ഡയറക്ടര്‍ ആണ് ബിജോയ്. സ്ഥലമിടപാടുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്ന് പഞ്ചായത്തംഗം പറഞ്ഞു. നേരത്തെ ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്തില്‍ ആക്ഷേപങ്ങളുണ്ടായിരുന്നു.
എട്ട് ഏക്കര്‍ സ്ഥലത്ത് 18 കോടിയുടെ നിര്‍മാണ പദ്ധതിക്കാണ് അനുമതി ലഭിച്ചിരുന്നത്. ഇതുവരെ മൂന്നര കോടിയുടെ നിര്‍മാണം പൂര്‍ത്തിയായതായി കരാറുകാരന്‍ വ്യക്തമാക്കി. പ്രാദേശിക കരാറുകാരനാണ് ഇത് ഏറ്റെടുത്തിരിക്കുന്നത്.ബാങ്കിലെ കരാര്‍ ജീവനക്കാരനാണ് ബിജോയ്. കമ്മീഷന്‍ ഏജന്റായിട്ടാണ് ജോലി.
കഴിഞ്ഞ ദിവസം ബിജെപിയും കോണ്‍ഗ്രസും ഇതുസംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ തെളിവുകള്‍ സഹിതം ഉന്നയിച്ചിരുന്നു. മുന്‍ ബാങ്ക് മാനേജര്‍ ബിജു കരിം, കമ്മീഷന്‍ ഏജന്റ് ബിജോയ് എന്നിവര്‍ മുഖേന കമ്മിഷന്‍ നിരക്കിലാണ് വന്‍കിട ലോണുകള്‍ നല്‍കിയതെന്നും തേക്കടിയിലെ റിസോര്‍ട്ടിനായാണ് പണം ശേഖരിച്ചതെന്നുമാണ് ആരോപണം. ബാങ്കില്‍ നിന്ന് ഈടില്ലാതെയും വ്യാജ ഈട് നല്‍കിയതും വന്‍കിട ലോണുകള്‍ നല്‍കിയത് കമ്മിഷന്‍ കൈപ്പറ്റിയാണെന്നാണ് ബിജെപി ആരോപിക്കുന്നത്. ഓരോ ലോണിനും പത്ത് ശതമാനം വരെ കമ്മിഷന്‍ ഈടാക്കിയാണ് വായ്പ അനുവദിച്ചത്. തേക്കടിയിലെ റിസോര്‍ട്ടിനായാണ് പണം ശേഖരിച്ചതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ് പറഞ്ഞു. കൂടാതെ മുന്‍മന്ത്രി എ സി മൊയ്തീന് അഴിമതിയെ കുറിച്ച് അറിവുണ്ടായിരുന്നതായി കോണ്‍ഗ്രസും ആരോപിച്ചു. നിയമസഭയിലും സംഭവം ചര്‍ച്ചയായി.
മുഖ്യ പ്രതികളായ ബിജു കരീമും ബിജോയും നടത്തിയത് കോടികളുടെ വെട്ടിപ്പാണെന്നും പുറത്തായിരുന്നു. സഹകരണ ബാങ്കിലെ വായ്പാ ചട്ടങ്ങള്‍ ലംഘിച്ച് ഇരുവരും തട്ടിയത് 46 ലോണുകളില്‍ നിന്ന് 50 കോടിയിലധികം രൂപയാണ്. വായ്പ എടുത്തത് പല സഹകാരികളുടെയും പേരിലും.
ബാങ്ക് നിയമാവലി പ്രകാരം ഒരാള്‍ക്ക് എടുക്കാവുന്ന പരമാവധി തുക അന്‍പത് ലക്ഷമാണെന്നിരിക്കെ ക്രമവിരുവിരുദ്ധ മായാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടന്നത്. കേസിലെ പ്രതി മുന്‍ ബ്രാഞ്ച് മാനേജരും, സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ബിജു കരീം 18 വായ്പകളില്‍ നിന്ന് 20 കോടിയിലധികവും ബാങ്കില്‍ നിന്ന് തിരിമറി നടത്തി. സ്വന്തം പേരിന് പുറമെ ബന്ധുക്കളുടെ ഉള്‍പ്പടെ പേരില്‍ ലോണുകള്‍ എടുത്താണ് തിരിമറി നടത്തിയത്.
സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കണ്ടെത്തിയത്. ബിജോയ് 28 വായ്പകളില്‍ നിന്നായി 26 കോടി രൂപ ബാങ്കില്‍ നിന്ന് വായ്പയെടുത്തതായും കണ്ടെത്തിയിട്ടുണ്ട്. ബാങ്കില്‍ ജോലി ലഭിച്ചതിന് ശേഷം ബിജു കരീമിന്റെയും ബിജോയുടെയും സാമ്പത്തിക സ്ഥിതിയില്‍ വലിയ മാറ്റങ്ങളുണ്ടായെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സിപിഐഎം മുന്‍ ലോക്കല്‍ കമ്മറ്റി അംഗവും ബിജെപി കൗണ്‍സിലറുമായ ഷാജുട്ടന്‍ രംഗത്തെത്തി. കോടികള്‍ തിരിമറി നടത്തി റിസോര്‍ട്ടുകളിലും, ഭൂമി ഇടപാടുകളിലും ഇരുവരും പണം നിക്ഷേപിച്ചതായും ആരോപണമുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ച സാഹചര്യത്തില്‍ ഇരുവരും ഒളിവിലാണ്.
Story Highlights: Karuvannur Bank scam accused Big resort Thekkady crores flowed build
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here