പെരിയാറിലെ ജലനിരപ്പ് ഉയരുന്നു; ആലുവ മണപ്പുറത്തെ ഒരു ഭാഗം വെള്ളത്തിനടിയിൽ

കനത്ത മഴ തുടരുന്നതിനാൽ പെരിയാറിലെ ജലനിരപ്പ് ഉയരുന്നു. ആലുവ ശിവരാത്രി മണപ്പുറത്തെ ഒരു ഭാഗം വെള്ളത്തിനടിയിലായി. നദിയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പെരിയാറിന്റെ തീര പ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്. ആലുവ ശിവരാത്രി മണപ്പുറത്തെ കുളിക്കടവടക്കമുള്ള കിഴക്കു ഭാഗം വെള്ളത്തിനടിയിലായി. ശിവക്ഷേത്രത്തിനകത്തെ ചുറ്റമ്പലത്തിൽ നേരത്തെ വെള്ളം കയറിയിരുന്നു. പുഴയിലെ ജല നിരപ്പുയർന്നതോടെ ക്ഷേത്രത്തിന്റെ ചുറ്റുഭാഗവും വെള്ളത്തിലായി. ഏതാനും മണിക്കൂറിനുള്ളിൽ ഒരടി വെള്ളമുയർന്നു. അർദ്ധരാത്രി വരെ കടലിൽ വേലിയേറ്റമായതിനാൽ ഇനിയും ജലനിരപ്പുയരാനാണ് സാധ്യത. കലങ്ങി മറിഞ്ഞൊഴുകുന്നതിനാൽ പുഴയിലെ ചെളിയുടെ അംശം വർദ്ധിച്ചു. ആലുവ ജല ശുദ്ധീകരണശാലയിൽ നടത്തിയ പരിശോധനയിൽ ടർബിടിറ്റി നിരക്ക് 61 രേഖപ്പെടുത്തി.
Read Also: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത
അതിനിടെ സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്നും നാളെയും പതിനാല് ജില്ലകൾക്കും മഴമുന്നറിയിപ്പ് നൽകി. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനത്തേക്കും. ശക്തമായ കാറ്റോട് കൂടിയ മഴയ്ക്കാണ് സാധ്യത. മലയോര മേഖലകളിൽ ജാഗ്രത നിർദേശം നൽകി. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും മണിക്കൂറിൽ പരമാവധി 50 കി.മി വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിങ്കളാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തി. ബുധനാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.
Story Highlights: periyar river over flow, Aluva shivarathri manappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here