ലോക ക്രിക്കറ്റ് തലപ്പത്തേക്ക് മലയാളി; സുമോദ് ദാമോദറിന് ഹാട്രിക് വിജയം

ലോക ക്രിക്കറ്റ് തലപ്പത്തേക്ക് വീണ്ടും മലയാളി. ഇത് മൂന്നാം തവണയാണ് സുമോദ് ദാമോദർ (ബോട്ട്‌സ്വാന ക്രിക്കറ്റ് അസോസിയേഷൻ) ചീഫ് എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. രശ്പാൽ ബാജ്വ (ക്രിക്കറ്റ് കാനഡ), മുബഷിർ ഉസ്മാനി (എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡ്) എന്നിവരാണ് സുമോദിനൊപ്പം തെരഞ്ഞെടുക്കപ്പെട്ട മറ്റ് രണ്ട് പേർ.
ഓൺലൈനായി നടന്ന തെരഞ്ഞെടുപ്പിൽ അസോസിയേറ്റ് മെമ്പർ ഇലക്ടറേറ്റിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയത് ഇവരാണ്. 2023 വരെയാണ് പുതിയ കമ്മിറ്റി അംഗങ്ങളുടെ കാലാവധി.
ജൂലൈ 19നാണ് തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചത്. നാല് ദിവസം നീണ്ട് നിന്ന തെരഞ്ഞെടുപ്പ് ജൂലൈ 23 നാണ് അവസാനിച്ചത്. 44 അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തുക. ഇതിൽ 39 പേർ വോട്ടിംഗ് അസോസിയേറ്റ്‌സും അഞ്ച് പേർ ഏഷ്യ, യൂറോപ്പ്, ഇസ്റ്റ് എഷ്യ പെസിഫിക്ക്, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുമുള്ള സോണൽ റെപ്രസെന്റേറ്റിവ്‌സുമാണ്.
ഓരോ വോട്ടറും മുൻഗണനയനുസരിച്ച് മൂന്ന് പേർക്ക് വോട്ട് രേഖപ്പെടുത്തണം. ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന മൂന്ന് പേരാകും എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുക. രണ്ട് വർഷമാകും ഇവരുടെ കാലാവധി. രഹസ്യമായി നടന്ന വോട്ടിംഗിൽ ഏറ്റവും കൂടുതൽ വോട്ടുകൾ കരസ്ഥമാക്കിയത് സുമോദ് ദാമോദർ, രശ്പാൽ ബാജ്വ, മുബഷിർ ഉസ്മാനി എന്നിവരാണ്.
ഇത് മൂന്നാം തവണയാണ് സുമോദ് എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 2017 ലെ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ രണ്ടാമത്തെ വ്യക്തിയായിരുന്നു സുമോദ്. ബർമൂഡയുടെ നീൽ സ്‌പെയ്റ്റ് 23 വോട്ടുകൾ സ്വന്തമാക്കിയപ്പോൾ സുമോദിന് ലഭിച്ചത് 20 വോട്ടുകളായിരുന്നു. തുടർന്ന് 2019 ൽ വീണ്ടും ഇതേ കമ്മിറ്റിയിലേക്ക് സുമോദ് തെരഞ്ഞെടുക്കപ്പെട്ടു.
1993 ൽ സാംബിയയിൽ നന്ന സോൺ 6 ടൂർണമെന്റിൽ ബോട്ട്്സ്വാന നാഷണൽ ക്രിക്കറ്റ് ടീമിന്റെ ഭാഗമായിട്ടായിരുന്നു സുമോദ് ദാമോദറിന്റെ അരങ്ങേറ്റം. പിന്നീട് സോൺ 6 കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. 1997 ൽ ദേശിയ ടീമിനെ പ്രതിനിധീകരിച്ചു. 1998 ൽ കളിക്കളത്തിൽ നിന്ന് വിട്ടുനിന്ന് ഭരണതലത്തിലേക്ക് സുമോദ് ചുവടുമാറ്റി.
Read Also : യുവതാരം റിഷഭ് പന്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം ചേര്‍ന്നു
1998 മുതൽ ബോട്ട്‌സ്വാന ക്രിക്കറ്റ് അസോസിയേഷന്റെ സെക്രട്ടറി ഓഫ് ഫിക്‌സ്‌ചേഴ്‌സ് ആന്റ് പബ്ലിസിറ്റിയായി പ്രവർത്തിച്ചു. ഇതിന് പുറമെ, 11 വർഷത്തോളം തുടർച്ചയായി (1999 മുതൽ 2010 വരെ) ഗബൊറോൺ ക്രിക്കറ്റ് ക്ലബ് ചെയർമാനായും പ്രവർത്തിച്ചു.
2003 ൽ ആഫ്രിക്കൻ ക്രിക്കറ്റ് അസോസിയേഷന്റെ ഫിനാൻസ് ഡയറക്ടറായി അദ്ദേഹത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. അതേ വർഷം തന്നെ ബാർലോവേൾഡ് -ബിഎൻഎസ്‌സി സ്‌പോർട്ട് അവാർഡിന്റെ ‘നോൺ സിറ്റിസൺ സ്‌പോർട്ട്‌സ് അവാർഡ്’ ലഭിച്ചിട്ടുണ്ട്.
ചങ്ങനാശ്ശേരി സ്വദേശിയും മന്നത്ത് പത്മനാഭൻ്റെ ചെറുമകളുമായ ലക്ഷ്മി മോഹൻ സുമോദ് ആണ് ഭാര്യ. സിദ്ധാർഥ് ദാമോദർ , ചന്ദ്രശേഖർ ദാമോദർ എന്നിവരാണ് മക്കൾ. .
Story Highlights: Sumod Damodaran Hatrick Win
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here