ശ്രീലങ്കയ്ക്ക് ടോസ്, ബോളിങ്; ഷായ്ക്കും ചക്രവർത്തിക്കും അരങ്ങേറ്റം, സഞ്ജു ടീമിൽ

ഇന്ത്യയ്‌ക്കെതിരായ ഒന്നാം ട്വന്റി20 മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്കൻ നായകൻ ദസൂൺ ഷാനക ബോളിങ് തെരഞ്ഞെടുത്തു. ഇന്ത്യൻ നിരയിൽ ഇന്ന് രണ്ടു പേർ രാജ്യാന്തര ട്വന്റി20യിൽ അരങ്ങേറ്റം കുറിക്കും. ഓപ്പണർ പൃഥ്വി ഷാ, മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തി എന്നിവരാണ് അരങ്ങേറുന്നത്. സഞ്ജു സാംസണാണ് വിക്കറ്റ് കീപ്പർ. ശ്രീലങ്കൻ നിരയിൽ മൂന്നാം ഏകദിനത്തിൽ കളിച്ച ടീമിൽ മൂന്നു മാറ്റങ്ങളുണ്ട്. ഇസൂര ഉഡാന ടീമിൽ തിരിച്ചെത്തി. ലങ്കൻ ടീമിലും ഇന്ന് രണ്ടു പേർ അരങ്ങേറ്റം കുറിക്കും.
മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം കൊളംബോയിലെ ആർ.പ്രേമദാസ സ്റ്റേഡിയത്തിൽ അരങ്ങേറുമ്പോൾ, താരങ്ങളുടെയെല്ലാം കണ്ണ് ഈ വർഷം അവസാനം നടക്കുന്ന ട്വന്റി20 ലോകകപ്പിലാണ്. വിരാട് കോലി ഉൾപ്പെടെയുള്ള താരങ്ങളുടെ അഭാവത്തിൽ ലോകകപ്പിനുള്ള ഇന്ത്യൻ ട്വന്റി20 ടീം തിരഞ്ഞെടുപ്പിൽ അവകാശ വാദം ഉന്നയിക്കാനുള്ള അവസരമാണ് ഇന്ത്യൻ യുവനിരയ്ക്ക് ഈ പരമ്പര. ക്യാപ്റ്റൻ ശിഖർ ധവാൻ ഉൾപ്പെടെയുള്ളവർ ലോകകപ്പ് ടീമിൽ സ്ഥാനമുറപ്പിക്കാൻ ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുക.
ഏറ്റവും മികച്ച ടീമിനെയാകും കളത്തിലിറക്കുകയെന്ന് ക്യാപ്റ്റൻ ശിഖർ ധവാൻ വ്യക്തമാക്കിയിരുന്നു. ഇതോടെ, മൂന്നാം ഏകദിനത്തിൽ പുറത്തിരുന്ന വൈസ് ക്യാപ്റ്റൻ ഭുവനേശ്വർ കുമാറും ദീപക് ചാഹറും ഉൾപ്പെടെയുള്ളവർ തിരികെയെത്തി. സ്പിൻ വിഭാഗത്തിൽ യുസ്‌വേന്ദ്ര ചെഹലിനൊപ്പം അരങ്ങേറ്റ താരം വരുൺ ചക്രവർത്തിയെത്തും. പാർട്ട് ടൈം സ്പിന്നറായി ക്രുണാൽ പാണ്ഡ്യയും.
ഇന്ത്യയുടെ സാധ്യതാ ടീം: പൃഥ്വി ഷാ, ശിഖർ ധവാൻ (ക്യാപ്റ്റൻ), ഇഷൻ കിഷൻ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), /ഹാർദിക് പാണ്ഡ്യ, ക്രുണാൽ പാണ്ഡ്യ, ദീപക് ചാഹർ, ഭുവനേശ്വർ കുമാർ, യുസ്‌വേന്ദ്ര ചെഹൽ, വരുൺ ചക്രവർത്തി
ശ്രീലങ്കയുടെ സാധ്യതാ ടീം: ആവിഷ്ക ഫെർണാണ്ടോ, മിനോദ് ഭാനുക (വിക്കറ്റ് കീപ്പർ), ധനഞ്ജയ ഡിസിൽവ, ചരിത് അസലങ്ക, ദസൂൺ ഷാനക (ക്യാപ്റ്റൻ), ആഷൻ ബണ്ഡാര, ചാമിക കരുണരത്‌നെ, വാനിന്ദു ഹസരംഗ, ഇസൂര ഉഡാന, ദുഷ്മന്ദ ചമീര, അഖില ധനഞ്ജയ
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here