ടോക്യോ ഒളിമ്പിക്സ്: വനിതാ ഹോക്കിയിൽ ഇന്ത്യക്ക് വീണ്ടും തോൽവി

ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വീണ്ടും നിരാശ. വനിതാ ഹോക്കിയിലെ പൂൾ എയിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ വനിതകൾ പരാജയപ്പെട്ടു. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ജർമ്മനിയാണ് ഇന്ത്യയെ കീഴടക്കിയത്. കളി അവസാനിക്കാൻ 10 മിനിട്ട് മാത്രം അവശേഷിക്കെ ശർമിള ദേവിക്ക് മഞ്ഞ കാർഡ് ലഭിച്ചത് ഇന്ത്യക്ക് മറ്റൊരു തിരിച്ചടിയായി. ആദ്യ മത്സരത്തിൽ നെതർലൻഡിനോട് ഇന്ത്യ 1-5 എന്ന സ്കോറിന് പരാജയപ്പെട്ടിരുന്നു. ( olympics india lost hockey )
ആദ്യ ക്വാർട്ടർ അവസാനിക്കാൻ 3 മിനിട്ട് മാത്രം ശേഷിക്കെയായിരുന്നു ജർമനിയുടെ ആദ്യ ഗോൾ. പെനൽറ്റി കോർണറിൽ നിന്ന് ക്യാപ്റ്റൻ നിക്കെ ലോറൻസ് ആണ് ജർമ്മനിക്കായി സ്കോർ ചെയ്തത്. മൂന്നാം ക്വാർട്ടറിൽ, 32ആം മിനിട്ടിൽ ഇന്ത്യക്ക് ലഭിച്ച പെനൽറ്റി ഗുർജിത് പാഴാക്കി. പിന്നാലെ, 35ആം മിനിട്ടിൽ ഒരു ഫീൽഡ് ഗോൾ കൂടി നേടിയ ജർമ്മനി ജയം ഉറപ്പിച്ചു. ആൻ ഷ്രോഡർ ആണ് ജർമ്മനിയുടെ രണ്ടാം ഗോൾ നേടിയത്.
Read Also: മീരാബായ് ചാനുവിന് എഎസ്പിയായി നിയമനം
അതേസമയം, ഒളിമ്പിക്സിൽ ഇന്ത്യയുടെ സജൻ പ്രകാശ് 200 മീറ്റർ ബട്ടർഫ്ലൈസിൽ സെമി കാണാതെ പുറത്തായി. ഹീറ്റ്സിൽ നാലാമതാണ് താരം ഫിനിഷ് ചെയ്തത്. 1:57:22 ആണ് സജൻ്റെ സമയം. രണ്ടാം ഹീറ്റിലാണ് സജൻ നാലാമത് ഫിനിഷ് ചെയ്തത്. ആകെ അഞ്ച് ഹീറ്റുകളിൽ മികച്ച സമയമുള്ള 16 താരങ്ങളാണ് സെമിഫൈനൽ യോഗ്യത നേടുക. ഇതിനുള്ളിൽ ഉൾപ്പെടാൻ താരത്തിനു സാധിച്ചില്ല.
പുരുഷന്മാരുടെ 69-75 കിലോഗ്രാം ബോക്സിംഗിൽ ഇന്ത്യയുടെ ആശിഷ് കുമാർ എർബിയെക്കെ തോഹെറ്റയോട് 5-0നു പരാജയപ്പെട്ടു. ആശിഷിന് 28 പോയിൻ്റ് വീതവും തോഹെറ്റയ്ക്ക് 29 പോയിൻ്റ് വീതവുമാണ് അഞ്ച് ജഡ്ജുമാരും നൽകിയത്.
നേരത്തെ, പുരുഷ അമ്പെയ്ത്തിലെ ക്വാർട്ടർ ഫൈനലിൽ ഇന്ത്യ പുറത്തായിരുന്നു. ദക്ഷിണ കൊറിയയോടാണ് ഇന്ത്യ നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റത്. കിം യെ ഡെയ്ക്ക്, കിം വൂജിൻ, ഓഹ് യിൻയേക് സഖ്യമാണ് ഇന്ത്യയെ തോൽപ്പിച്ചത്. 6-0 ആണ് സ്‌കോർ നില. ഖസാകിസ്ഥാൻ സഖ്യത്തെ തോൽപ്പിച്ചാണ് ഇന്ത്യ ക്വാർട്ടർ ഫൈനലിൽ എത്തിയത്. 6-2 ആയിരുന്നു പ്രീ ക്വാർട്ടറിൽ ഇന്ത്യയുടെ സ്കോർ.
Story Highlights: tokyo olympics india lost womens hockey
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here