ഫോൺ തട്ടിപ്പറിച്ചത് രമ്യ ഹരിദാസിന്റെ നിർദേശപ്രകാരം; എം.പിക്കെതിരെ കേസെടുക്കണമെന്ന് പരാതിക്കാരൻ

ആലത്തൂർ എം.പി രമ്യ ഹരിദാസിന്റെ നിർദേശാനുസരണമാണ് തന്റെ ഫോൺതട്ടിപ്പറിച്ചതെന്ന് പാലക്കാട്ടെ ഹോട്ടലിലെ ദൃശ്യങ്ങൾ പകർത്തിയ കൽമണ്ഡപം സ്വദേശി സനൂഫ്. ഇക്കാര്യം പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ എം.പിക്കെതിരെ കേസെടുത്തില്ലെന്നും സനൂഫ് ആരോപിച്ചു.
താൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലല്ല കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൊഴിയിൽ എംപിയുടെ കാര്യം സൂചിപ്പിച്ചിരുന്നു. കാര്യങ്ങളെല്ലാം കൃത്യമായി പറയുകയും ചെയ്തിരുന്നു. എംപിക്കെതിരെ കേസെടുക്കാൻ പ്രോട്ടോക്കോൾ ഉണ്ടെന്നൊക്കെയാണ് പറയുന്നത്. അന്വേഷിച്ചപ്പോൾ അങ്ങനെയില്ല എന്നാണ് അറിഞ്ഞതെന്നും സനൂഫ് പറഞ്ഞു.
എം.പിയെ താൻ വംശീയമായി അധിക്ഷേപിച്ചെന്നും കയറിപ്പിടിക്കാൻ ശ്രമിച്ചെന്നുമൊക്കെ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. അതൊന്നും സത്യമല്ല. മാന്യമായാണ് താൻ പെരുമാറിയത്. എംപിയുടെ നിർദേശപ്രകാരം ഫോൺ തട്ടിപ്പറിച്ചു. പാളയം പ്രദീപാണ് മർദിച്ചതെന്നും സനൂഫ് കൂട്ടിച്ചേർത്തു.
Read Also: പാലക്കാട് ഹോട്ടലിൽ യുവാവിനെ ആക്രമിച്ച സംഭവം; ആറ് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്
അതേസമയം, സനൂഫിനേയും സുഹൃത്തിനേയും ആക്രമിച്ച സംഭവത്തിൽ ആറ് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തിട്ടുണ്ട്. വി.ടി ബൽറാം, പാളയം പ്രദീപ്, റിയാസ് മുക്കോളി ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കസബ പൊലീസ് കേസ് എടുത്തത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് നടപടി. പരുക്കേൽക്കുന്ന വിധത്തിലുള്ള കൈയേറ്റം, ആക്രമണം, ജീവൻ അപായപ്പെടുത്തുമെന്ന ഭീഷണി തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.
Read Also: കൊവിഡ് മാനദണ്ഡം ലംഘിച്ച് കോൺഗ്രസ് നേതാക്കൾ; ഹോട്ടലിൽ ഭക്ഷണത്തിന് കാത്തിരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. സമ്പൂർണ ലോക്ക് ഡൗൺ ലംഘിച്ച് രമ്യ ഹരിദാസ് എം.പി അടക്കമുള്ളവർ പാലക്കാട്ടെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ ഇരുന്നു എന്നായിരുന്നു ആരോപണം. സംഭവം ചോദ്യം ചെയ്ത് രണ്ട് യുവാക്കൾ രംഗത്തെത്തുകയും വിഡിയോ പകർത്തുകയും ചെയ്തു. താങ്കൾ എംപിയല്ലേയെന്നും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ ബാധ്യസ്ഥയല്ലേയെന്നും യുവാവ് ചോദിച്ചു. പാഴ്‌സൽ വാങ്ങാൻ എത്തിയതെന്നായിരുന്നു മറുപടി. തുടർന്ന് വാക്കേറ്റമുണ്ടാകുകയും യുവാക്കളെ കോൺഗ്രസ് നേതാക്കൾ കൈയേറ്റം ചെയ്യുകയുമായിരുന്നു.
Story Highlights: sanoof against ramya haridas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here