ചർച്ചയിൽ പരിഹാരമായില്ല; തിങ്കളാഴ്ച്ച പ്രഖ്യാപിച്ച സൂചന പണിമുടക്കിന് മാറ്റമില്ലെന്ന് പിജി ഡോക്ടേഴ്‌സ്

തിങ്കളാഴ്ച്ച പ്രഖ്യാപിച്ച സൂചന പണിമുടക്കിന് മാറ്റമില്ലെന്ന് മെഡിക്കൽ കോളജുകളിലെ പിജി ഡോക്ടേഴ്‌സ്. ഇന്ന് നടത്തിയ ചർച്ചയിൽ പരിഹാരമാവാത്തതിനെ തുടർന്നാണ് പണിമുടക്കുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.
മെഡിക്കൽ വിദ്യഭ്യാസ ഡയറക്ടർ, ജെഡിഎംഇ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാർ എന്നിവരുമായാണ് പിജി ഡോക്ടേഴ്‌സ് പ്രതിനിധികൾ ചർച്ച നടത്തിയത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ആവശ്യങ്ങൾ കേൾക്കുകയും അവ ഉന്നത തലത്തിലേക്ക് എത്തിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തുവെങ്കിലും ഉന്നയിച്ച ആവശ്യങ്ങളിൽ പരിഹാരം കാണാൻ സാധിച്ചില്ല. കഴിഞ്ഞ ആറ് മാസമായി പിജി ഡോക്ടേഴ്‌സ് ഉന്നയിക്കുന്ന ഇതേ ആവശ്യങ്ങൾ പരിഹരിക്കാൻ നടപടിയാകാത്തതിൽ പ്രതിഷേധിച്ചാണ് നാളത്തെ സമരത്തിന് മാറ്റമില്ലെന്ന് ഇവർ വ്യക്തമാക്കിയത്.
നാളെ രാവിലെ എട്ട് മുതൽ രാത്രി എട്ട് മണി വരെയാണ് പിജി ഡോക്ടേഴ്‌സിന്റെ സംസ്ഥാന വ്യാപക സൂചന പണിമുടക്ക്. കൊവിഡിതര ചികിത്സയിൽ നിന്നും ജോലികളിൽ നിന്നും ഇവർ പൂർണമായി വിട്ട് നിൽക്കും. അത്യാഹിത വിഭാഗം, ഐസിയു, കൊവിഡ് ചികിത്സ എന്നിവ മുടക്കില്ല.
Read Also: മെഡിക്കൽ വിദ്യാർത്ഥികളുടെ ഹൗസ് സർജൻസി കാലാവധി നീട്ടിയ നടപടി പിൻവലിച്ചു
കൊവിഡ് ചികിത്സ ആരംഭിച്ചതിന് ശേഷം അധ്യയനം നഷ്ടപ്പെടുന്നു എന്നതാണ് പിജി ഡോക്ടേഴ്‌സിന്റെ പ്രധാന പരാതി. സൂചന പണിമുടക്കിന് ശേഷവും പരിഹാരമായില്ലെങ്കിൽ അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകാനാണ് പിജി ഡോക്ടേഴ്‌സിന്റെ തീരുമാനം.
Story Highlights: PG doctors strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here