ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റുകൾ; കുംബ്ലെയെ മറികടന്ന് ആൻഡേഴ്സൺ

ടെസ്റ്റ് മത്സരങ്ങളിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടുന്ന പട്ടികയിൽ നേട്ടമുണ്ടാക്കി ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സൺ. ഇന്ത്യക്കെതിരായ ആദ്യ ഇന്നിംഗ്സിൽ 4 വിക്കറ്റ് വീഴ്ത്തിയ താരം നിലവിൽ ഈ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. 621 വിക്കറ്റുകളാണ് ആൻഡേഴ്സണ് ഉള്ളത്. നാലാം സ്ഥാനത്തുള്ള കുംബ്ലെയ്ക്ക് 619 വിക്കറ്റുകളുണ്ട്. ആൻഡേഴ്സൺ 163 മത്സരങ്ങളിൽ നിന്ന് ഈ നേട്ടം കുറിച്ചപ്പോൾ കുംബ്ലെ കളിച്ചത് 132 മത്സരങ്ങളാണ്. (anderson kumble test wickets)
ഇന്ന് കളി ആരംഭിക്കുമ്പോൾ 617 വിക്കറ്റുകളാണ് ആൻഡേഴ്സണ് ഉണ്ടായിരുന്നത്. ചേതേശ്വർ പൂജാരയെ മടക്കി വിക്കറ്റ് വേട്ട ആരംഭിച്ച ആൻഡേഴ്സൺ വിരാട് കോലിയെ വീഴ്ത്തി കുംബ്ലെയ്ക്കൊപ്പമെത്തി. ലോകേഷ് രാഹുലിനെ ബട്‌ലറുടെ കൈകളിലെത്തിച്ച് കുംബ്ലെയെ മറികടന്ന താരം താക്കൂറിനെ വീഴ്ത്തി വിക്കറ്റ് വേട്ട അവസാനിപ്പിച്ചു.
Read Also: മൂന്നാം ദിനത്തിലും കളി മഴ മുടക്കി; ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം
ഈ പട്ടികയിൽ മുൻ ശ്രീലങ്കൻ ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരനാണ് ഒന്നാം സ്ഥാനത്ത്. 133 മത്സരങ്ങളിൽ നിന്ന് 800 ടെസ്റ്റ് വിക്കറ്റുകളാണ് അദ്ദേഹത്തിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള മുൻ ഓസീസ് സ്പിന്നർ ഷെയ്ൻ വോണ് 145 മത്സരങ്ങളിൽ നിന്ന് 708 വിക്കറ്റുകളുണ്ട്.
അതേസമയം, ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം ലഭിച്ചു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 278 റൺസിനു മറുപടിയായി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് മഴ മൂലം മൂന്നാം ദിനം നേരത്തെ കളി അവസാനിപ്പിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 25 റൺസെടുത്തിട്ടുണ്ട്. ഡോമിനിക് സിബ്ലി (9), റോറി ബേൺസ് (11) എന്നിവരാണ് ക്രീസിൽ.
ഇന്ത്യക്ക് 95 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ആണ് ഉണ്ടായിരുന്നത്. ഇംഗ്ലണ്ടിൻ്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 183 പിന്തുടർന്നിറങ്ങിയ ഇന്ത്യ 278 റൺസെടുത്ത് എല്ലാവരും പുറത്തായി. 84 റൺസെടുത്ത ലോകേഷ് രാഹുലാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. രവീന്ദ്ര ജഡേജയും (56) ഇന്ത്യക്കായി തിളങ്ങി. അവസാന സ്ഥാനങ്ങളിലിറങ്ങി മികച്ച പ്രകടനം നടത്തിയ ജസ്പ്രീത് ബുംറ (28), മുഹമ്മദ് ഷമി (13), മുഹമ്മദ് സിറാജ് (7 നോട്ടൗട്ട്) എന്നിവർ ഇന്ത്യൻ സ്കോറിൽ നിർണായക സംഭാവനകൾ നൽകി. ഇംഗ്ലണ്ടിനായി ഒലി റോബിൻസൺ അഞ്ച് വിക്കറ്റ് വീഴ്ത്തി. ജെയിംസ് ആൻഡേഴ്സണ് നാല് വിക്കറ്റുണ്ട്.
Story Highlight: james anderson anil kumble test wickets
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here