Advertisement

സ്വതന്ത്ര്യ ഇന്ത്യക്ക് ആദ്യ ഒളിമ്പിക്സ് അത്ലറ്റിക്സ് മെഡൽ; ആരാണ് ജാവലിൻ ത്രോയിൽ സ്വർണം നേടിയ നീരജ് ചോപ്ര?

August 7, 2021
2 minutes Read
neeraj chopra life story

സ്വാതന്ത്ര്യം ലഭിക്കുന്നതിന് 47 വർഷങ്ങൾക്കു മുൻപ്, 1900ൽ നടന്ന പാരിസ് ഒളിമ്പിക്സിലാണ് ഇന്ത്യ ആദ്യമായും അവസാനമായും (ഇന്നലെ വരെ) ഒളിമ്പിക്സ് അത്‌ലറ്റിക്സിൽ മെഡൽ നേടുന്നത്. പുരുഷന്മാരുടെ 200 മീറ്റർ ഓട്ടത്തിൽ ആംഗ്ലോ ഇന്ത്യൻ വംശജനായ നോർമൻ പ്രിച്ചാർഡ് വെള്ളിമെഡൽ നേടി പോഡിയത്തിൽ നിന്നത് 121 വർഷങ്ങൾക്കു മുൻപാണ്. ഇന്ത്യ സ്വാതന്ത്ര രാജ്യമായി. ഒളിമ്പിക്സുകൾ മാറിമാറി വന്നു. ഇന്ത്യ ട്രാക്ക് ആൻഡ് ഫീൽഡിൽ പലതവണ മത്സരിച്ചു. പക്ഷേ, ഒരുതവണ കൂടി അത്‌ലറ്റിക്സിൽ മെഡൽ നേടാൻ ഇന്ത്യക്കായില്ല. 1984 ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ സെക്കൻഡിൻ്റെ നൂറിലൊരംശം വ്യത്യാസത്തിൽ മലയാളി താരം പിടി ഉഷയ്ക്ക് 400 മീറ്റർ ഹർഡിൽസിൽ വെങ്കലം നഷ്ടമായതായിരുന്നു അത്‌ലറ്റിക്സിലെ ഇക്കഴിഞ്ഞ 112 വർഷങ്ങളിലെ ഇന്ത്യയുടെ മികച്ച പ്രകടനം. ഇപ്പോൾ ആ കാത്തിരിപ്പ് അവസാനിക്കുകയാണ്. പുരുഷന്മാരുടെ ജാവലിൻ ത്രോ ഫൈനൽസിലെ രണ്ടാം ശ്രമത്തിൽ 87.58 മീറ്റർ ദൂരത്തേക്ക് ജാവലിൻ ത്രോ പായിച്ച് 23കാരനായ നീരജ് ചോപ്ര സ്വതന്ത്ര ഇന്ത്യക്ക് ആദ്യ അത്‌ലറ്റിക്സ് മെഡൽ നേടിക്കൊടുത്തിരിക്കുന്നു, അതും സ്വർണമെഡൽ! (neeraj chopra life story)

ഹരിയാനയിലെ പാനിപ്പത്തിൽ ഒരു കൂട്ടുകുടുംബത്തിലാണ് നീരജിൻ്റെ ജനനം. 17 അംഗങ്ങളുള്ള കുടുംബത്തിലെ കുട്ടികളിൽ ഏറ്റവും മുതിർന്നയാൾ നീരജ് ആയിരുന്നു. അതുകൊണ്ട് തന്നെ മുത്തശ്ശിയുടെ വാത്സല്യം ആവോളം ലഭിച്ച നീരജിന് 11ആം വയസ്സിൽ 80 കിലോ ആയിരുന്നു തൂക്കം. ടെഡി ബെയർ, പൊണ്ണത്തടിയൻ എന്നിങ്ങനെ പല പേരുകളിൽ സ്കൂളിലെ സുഹൃത്തുക്കൾ അവനെ പരിഹസിച്ചു. ഇതോടെ ഭാരം കുറയ്ക്കാൻ നീരജ് പാനിപ്പത്തിലെ ജിമ്മിലേക്ക് പോയി. ആ യാത്ര ഒരു വഴിത്തിരിവായി. യാത്രക്കിടെ ബസിലിരുന്ന് ശിവാജി സ്റ്റേഡിയത്തിൽ ജാവലിൻ ത്രോ നടത്തുന്ന അത്‌ലീറ്റുകളെ നീരജ് കണ്ടു. ലവ് അറ്റ് ഫസ്റ്റ് സൈറ്റ്. ടോക്യോയിലെ സ്വർണത്തിളക്കത്തിലേക്കുള്ള നീരജിൻ്റെ യാത്ര അവിടെ തുടങ്ങുന്നു.

Read Also: ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് സ്വർണം; അത്‌ലറ്റിക്സിൽ ചരിത്രത്തിലാദ്യ മെഡൽ

ശിവാജി സ്റ്റേഡിയത്തിൽ തന്നെ നീരജ് ജാവലിൻ പരിശീലനം ആരംഭിച്ചു. 30 രൂപ ആയിരുന്നു ഓരോ ദിവസവും നീരജിൻ്റെ കയ്യിൽ ഉണ്ടാവുക. അത് ബസ് കൂലി കൊടുക്കുമ്പോഴേക്കും തീരും. ഒന്നും കഴിക്കാതെ, കുടിക്കാതെ നീരജ് പരിശീലനം തുടർന്നു. വൈകാതെ നീരജിലെ പ്രതിഭയെ ഹരിയാന ജാവലിൻ ത്രോ താരം ജയ്‌വീർ തിരിച്ചറിഞ്ഞു. അങ്ങനെ 14ആം വയസ്സിൽ പാഞ്ച്കുല സ്പോർട്സ് നഴ്സറിയിലൂടെ നീരജ് ജാവലിൻ ത്രോയിൽ പ്രൊഫഷണൽ പരിശീലനം ആരംഭിച്ചു. 2012ൽ, 15ആം വയസ്സിൽ നീരജ് ആദ്യ ദേശീയ ജൂനിയർ സ്വർണം നേടി. അന്ന് 68.46 മീറ്റർ ദൂരം താണ്ടി പുതിയ റെക്കോർഡും സ്ഥാപിച്ചു. രാജ്യാന്തര മീറ്റുകളിൽ മോശം പ്രകടനങ്ങൾ നടത്തേണ്ടിവന്നതോടെ നീരജ് വിദേശ പരിശീലകരുടെ സഹായം തേടി. 100 മീറ്റർ ദൂരം ജാവലിൻ പായിച്ച് ലോക റെക്കോർഡ് സ്ഥാപിച്ച ഉവെ ഹോഹ്ന അടക്കമുള്ളവർ നീരജിൻ്റെ ഗുരുക്കളായി. ഇതായിരുന്നു അടുത്ത വഴിത്തിരിവ്.

സാങ്കേതികമായി ഏറെ മുന്നേറിയ നീരജ് പിന്നീട് തുടർച്ചയായി റെക്കോർഡ് ഭേദിച്ച് സ്വർണം നേടാൻ തുടങ്ങി. ഇതിനിടെ 2016ൽ നീരജിന് സൈനികനായി ജോലി ലഭിച്ചു. ഇന്ത്യൻ സൈന്യത്തിൽ നായർ സുബേദാറാണ് നീരജ്. 2018 ഏഷ്യൻ, കോമൺവെൽത്ത് ഗെയിംസുകളിൽ സ്വർണം നേടിയ നീരജ് ജാവലിൻ ത്രോയിൽ ഒരു പുതിയ താരോദയമെന്ന വിളംബരം നടത്തി. കൈമുട്ടിനു പരുക്കേറ്റ് ശസ്ത്രക്രിയ വേണ്ടിവന്നതോടെ 2019ലെ ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നീരജിനു പങ്കെടുക്കാനായില്ല. 2020ൽ പരിശീലനം പുനരാരംഭിച്ചു. ഇന്ത്യൻ ഗ്രാൻഡ് പ്രീയിൽ 88.07 ദൂരം ജാവലിൻ എറിഞ്ഞ് ദേശീയ റെക്കോർഡ് സ്ഥാപിച്ചു. ടോക്യോയിൽ ഈ ദൂരം ഭേദിക്കാനായില്ലെങ്കിലും ആദ്യ രണ്ട് ശ്രമങ്ങളിൽ തന്നെ നീരജ് സ്വർണം ഉറപ്പിച്ചു. മത്സരത്തിലെ ഏറ്റവും മികച്ച രണ്ട് ദൂരങ്ങളും നീരജിനു തന്നെ!

Story Highlight: neeraj chopra life story olympics

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top