കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഭരണസമിതിക്കെതിരെ പ്രതികള്‍ രംഗത്ത്

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ബാങ്ക് ഭരണ സമിതിക്കെതിരെ കേസിലെ പ്രതികള്‍ രംഗത്ത്. ഭരണ സമിതിയുടെ നിര്‍ദേശപ്രകാരമാണ് എല്ലാം ചെയ്തതെന്ന് പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു. കേസിലെ പ്രതികളായ ബിജോയ്, സുനില്‍കുമാര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അതിനിടെ പ്രതികള്‍ക്കെതിരെ ഗൂഡാലോചന കുറ്റം ചുമത്താത്തതിനെതിരെ ബിജെപിയും രംഗത്തെത്തി.
ബാങ്ക് തട്ടിപ്പില്‍ ബിജു കരിം, ജില്‍സ്, റെജി അനില്‍ എന്നിവരുടെ ജാമ്യാപേക്ഷയിലാണ് ഭരണസമിതിക്കെതിരെ പ്രതിഭാഗം നിലപാട് വ്യക്തമാക്കിയത്. ചെയ്തതെല്ലാം സിപിഐഎം നേതൃത്വത്തിലുള്ള ഭരണസമിതിയുടെ നിര്‍ദേശപ്രകാരമാണ്. ഇപ്പോള്‍ തങ്ങളെ ബലിയാടാക്കുകയാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. മൂന്നുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി നാളെ വിധി പറയും.
അതേസമയം കോടികള്‍ തട്ടിപ്പ് നടന്ന ബാങ്കിന്റെ ഭരണസമിതിക്കെതിരെ കേസ് എടുക്കാത്തത് പാര്‍ട്ടി ഇടപെടല്‍ മൂലമാണെന്ന ആരോപണവും ഉയരുന്നുണ്ട്. കേസില്‍ വഞ്ചനാക്കുറ്റം, വ്യാജരേഖ ചമയ്ക്കല്‍ ഉള്‍പ്പെടെയുള്ള ദുര്‍ബലവകുപ്പുകള്‍ മാത്രമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇത് സിപിഐഎം ഉന്നത നേതാക്കളെ സംരക്ഷിക്കാനാണെന്നാണ് ബിജെപിയുടെ ആരോപണം.
Story Highlight: karuvannur bank, money fraud
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here