വഞ്ചിയൂർ കോടതിയിൽ ഇന്നലെ നടന്നത് ക്രിമിനൽ വിളയാട്ടമെന്ന് സി.പി.ഐ. മുഖപത്രം

വഞ്ചിയൂർ കോടതിയിൽ സിറാജ് ദിനപത്രത്തിലെ ക്യാമറാമാൻ ഉൾപ്പെടെയുള്ളവരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ അഭിഭാഷകർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം
മാധ്യമ ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്തത് കോടതിയലക്ഷ്യവും ക്രിമിനലിസവുമാണെന്ന് മുഖപത്രം ചൂണ്ടിക്കാട്ടുന്നു. ക്രിമിനൽ സ്വഭാവമുള്ള അഭിഭാഷകരെ പേടിച്ച് സഹജീവികൾ കഴിയുന്ന അവസ്ഥയാണുള്ളത്. മജിസ്‌ട്രേറ്റുമാരെ ഉൾപ്പെടെ ക്രിമിനൽ മാഫിയ അധിക്ഷേപിക്കുന്നുവെന്ന് മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു. കറുത്ത കുപ്പായക്കാരെ ഭയന്നാണ് സംസ്ഥാനത്തെ പൊലീസ് കഴിയുന്നതെന്ന് പരിഹസിച്ചു. നിയമസഭയും മേൽക്കോടതികളും അടിയന്തരമായി ഇടപെടണമെന്നും മുഖപത്രം ചൂണ്ടിക്കാട്ടുന്നു.
Read Also: വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമപ്രവര്‍ത്തകന് നേരെ കയ്യേറ്റം
വഞ്ചിയൂരിൽ ഗുരുതരമായ പ്രശ്‌നം നിലനിൽക്കുകയാണ്. ഇന്നലത്തേതും നിയമത്തോടുള്ള വെല്ലുവിളിയും കോടതിയലക്ഷ്യവും ക്രിമിനലിസവുമാണ്. സന്നദ് സ്വീകരിക്കുമ്പോൾ അഭിഭാഷകർ ചെയ്യുന്ന പ്രതിജ്ഞയുടെ ലംഘനമാണ് ഇത്തരം സംഭവങ്ങൾ. ജനങ്ങൾക്ക് നീതിതേടാനുള്ള ആദ്യപടി അഭിഭാഷകരാണ്. മധ്യസ്ഥരായ ഇവരിൽ ചിലർ ഗുണ്ടകളും ക്രിമിനലുകളുമായി നിലകൊള്ളുന്നത് ആ സമൂഹത്തിനും കോടതികൾക്കും അപമാനമാകുന്നു. സാമൂഹികപ്രതിബദ്ധത മറന്നുകൊണ്ടുള്ള പലരുടെയും പിന്തുണയാണ് ക്രിമിനൽമാഫിയയ്ക്ക് വളമാവുന്നത്. ഇത് അനുവദിക്കാനാവില്ലെന്നും സുപ്രീം കോടതിവരെയുള്ള മേൽക്കോടതികളും നിയമ നിർമ്മാണസഭയും ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടേണ്ട സാഹചര്യമുണ്ടെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു
ഇന്നലെ വഞ്ചിയൂർ കോടതി വളപ്പിൽ സിറാജ് ഫോട്ടോഗ്രഫർ ടി.ശിവജികുമാറിന് നേരെ അഭിഭാഷകർ നടത്തിയ അക്രമണത്തിനെതിരെയാണ് സി.പി.ഐ. മുഖപത്രം വിമർശനം ഉയർത്തിയിരിക്കുന്നത്.
കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും കോടതിയിൽ ഹാജരായിരുന്നു. ഇവരുടെ ചിത്രം പകർത്താൻ ശ്രമിച്ചതിനാണ് ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്തത്. മൊബൈൽഫോണും അക്രെഡിറ്റേഷൻ കാർഡും പിടിച്ചുവാങ്ങിയിരുന്നു.
Story Highlight: Journalist attacked in Vanchiyoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here