രാജ്യത്ത് 24 മണിക്കൂറിനിടെ 38,353 പുതിയ കൊവിഡ് കേസുകൾ ; 497 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 38,353 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 497 മരണവും റിപ്പോർട്ട് ചെയ്തു. രോഗമുക്തി നിരക്ക് 97.45 ശതമാനമായി ഉയർന്നു. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 140 ദിവസത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ്. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂന്ന് ലക്ഷത്തി തൊണ്ണൂറായിരത്തിൽ താഴെ എത്തിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് നാല് ലക്ഷത്തിൽ താഴെ രോഗികളാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ദേശീയ നിരക്കിൽ പ്രതിദിന കേസുകൾ കുറയുമ്പോഴും കേരളത്തിൽ മാറ്റം പ്രകടമാകുന്നില്ല. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നതിൽ 51.51 ശതമാനം കേസുകളും കേരളത്തിലാണ്.
ഒരു ലക്ഷത്തിലധികം പേർ ചികിത്സയിൽ ഉളളതും കേരളത്തിൽ മാത്രം.തിരുവനന്തപുരം ,കോട്ടയം ,ആലപ്പുഴ എന്നീ ജില്ലകൾ ഒഴികെ സംസ്ഥാനത്ത് മറ്റെല്ലാ ജില്ലകളിലും രോഗവ്യാപനം രൂക്ഷമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, കൊവിഡ് വ്യാപനത്തിൽ കേരളത്തിന് മുന്നറിയിപ്പ് നൽകി കേന്ദ്രസംഘം. കേരളത്തിൽ ഈ മാസം 20 വരെ 4.6 ലക്ഷം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തേക്കുമെന്ന് കേന്ദ്രസംഘം അറിയിച്ചു. ഓഗസ്റ്റ് ഒന്ന് മുതൽ 20 വരെയുള്ള കാലയളവ് ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്.
കേരളത്തിലെ എട്ട് ജില്ലകൾ സന്ദർശിച്ച ശേഷമാണ് കേന്ദ്രസംഘത്തിന്റെ മുന്നറിയിപ്പ്. അഞ്ച് കാര്യങ്ങളിലാണ് പ്രധാനമായും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
Story Highlight: India reports 38,353 new cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here