റമീസ് രാജ പിസിബി ചെയർമാൻ സ്ഥാനത്തേക്ക്

പാകിസ്താൻ്റെ മുൻ താരവും കമൻ്റേറ്ററുമായ റമീസ് രാജ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക്. ഇഹ്സാൻ മാനിയാണ് നിലവിൽ പിസിബി ചെയർമാൻ. അദ്ദേഹത്തിൻ്റെ മൂന്ന് വർഷത്തെ കാലാവധി ഈ സെപ്തംബറിൽ അവസാനിക്കും. ഇഹ്സാൻ മാനി സ്ഥാനമൊഴിയുമ്പോൾ റമീസ് രാജയെ ചെയർമാനായി പരിഗണിക്കണമെന്ന അഭിപ്രായമാണ് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമുള്ളത്. ക്രിക്കറ്റ് ബോർഡിൻ്റെ രക്ഷാധികാരി കൂടിയായ ഇമ്രാൻ ഖാന് ഇഹ്സാൻ മാനിയുടെ പ്രകടനത്തിൽ തൃപ്തി ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ റമീസ് രാജ തന്നെ പിസിബിയുടെ അടുത്ത ചെയർമാൻ ആയേക്കുമെന്നാണ് വിവരം. (rameez raja pcb chairman)
നേരത്തെ, വരുന്ന ടി-20 ലോകകപ്പ് വിജയിക്കാൻ പാകിസ്താനു സാധിക്കുമെന്ന് പാക് ഓൾറൗണ്ടർ ഇമാദ് വാസിം അവകാശപ്പെട്ടിരുന്നു. യുഎഇയിലെ സാഹചര്യങ്ങൾ തങ്ങൾക്ക് അനുകൂലമാണെന്നും ലോകകപ്പ് വിജയിക്കാൻ സാധ്യതയുള്ള ടീമുകളിൽ തങ്ങളും പെടുമെന്നും വാസിം പറഞ്ഞു. ലോകകപ്പിനു മുൻപ് തങ്ങൾക്ക് ചില നല്ല പരമ്പരകൾ കളിക്കാനുണ്ടെന്നു അത് ലോകകപ്പ് തയ്യാറെടുപ്പുകളെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടി-20 ലോകകപ്പിൽ ഇന്ത്യക്കെതിരെയാണ് പാകിസ്താൻ്റെ ആദ്യ മത്സരം.
Read Also : ടി-20 ലോകകപ്പ് വിജയിക്കാൻ പാകിസ്താനു സാധിക്കും: ഇമാദ് വാസിം
ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 17ന് ആരംഭിക്കും. ഒക്ടോബർ 23 മുതലാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുക. ഒക്ടോബർ 24ന് ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും.
യോഗ്യതാ മത്സരങ്ങളിൽ ഒമാൻ-പാപ്പുവ ന്യൂ ഗിനിയ മത്സരമാണ് ആദ്യ നടക്കുക. സ്കോട്ട്ലൻഡ്, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകൾ. ഗ്രൂപ്പ് എയിൽ അയർലൻഡ്, നെതർലൻഡ്, ശ്രീലങ്ക, നമീബിയ എന്നീ ടീമുകളാണ് ഉള്ളത്. ഒക്ടോബർ 22 വരെയാണ് യോഗ്യതാ മത്സരങ്ങൾ. ഇരു ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകൾ സൂപ്പർ 12ൽ കളിക്കും.
സൂപ്പർ 12 മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ എന്നീ ടീമുകളാണ് ആദ്യം ഏറ്റുമുട്ടുക. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകൾക്കൊപ്പം യോഗ്യതാ മത്സരങ്ങളിലെ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തുന്നവരും ബി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് എത്തുന്നവരും ഗ്രൂപ്പ് ഒന്നിൽ കളിക്കും. ഇന്ത്യ-പാകിസ്താൻ പോരാട്ടത്തോടെയാണ് ഗ്രൂപ്പ് രണ്ടിലെ മത്സരങ്ങൾ ആരംഭിക്കുക. അഫ്ഗാനിസ്ഥാൻ, ന്യൂസീലൻഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് രണ്ടിലേക്ക് നേരിട്ട് യോഗ്യത നേടിയത്. ഇവർക്കൊപ്പം എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പിലുണ്ട്. നവംബർ 10, 11 തീയതികളിൽ സെമിഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും.
Story Highlight: rameez raja pcb chairman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here