അവസാന 24 മണിക്കൂറിൽ കാബൂൾ എയർപോർട്ടിൽ നിന്ന് രക്ഷപ്പെടുത്തിയത് 16,000 പേരെ: അമേരിക്ക

അഫ്ഗാനിസ്ഥാനിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കൽ തുടരുകയാണ്. അവസാന 24 മണിക്കൂറിനുള്ളിൽ കാബൂൾ വിമാനത്താവളത്തിൽ നിന്ന് രക്ഷപ്പെടുത്തിയത് 16,000 പേരെയാണെന്ന് പെൻ്റഗൺ വ്യക്തമാക്കി. ഓഗസ്റ്റ് 31 വരെ അമേരിക്ക രക്ഷാപ്രവർത്തനം തുടരുമെന്നും പെൻ്റഗൺ വ്യക്തമാക്കി. (16000 Evacuated Kabul Airport)
വിവിധ രാജ്യങ്ങളിൽ നിന്നുള്ള 61 വിമാനങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കാബൂളിലെ ഹാമിദ് കർസായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ആളുകളെയും വഹിച്ച് പറന്നുയർന്നത്. ഇന്ന് രക്ഷപ്പെടുത്തിയ 16,000 പേരിൽ 11,000 പേരെയും അമേരിക്കയാണ് രക്ഷപ്പെടുത്തിയത്. ജൂലൈ മുതൽ ആകെ 42,000 പേരെ അമേരിക്ക അഫ്ഗാനിസ്ഥാനിൽ നിന്ന് രക്ഷപ്പെടുത്തി. ഇതിൽ 37,000 പേരും താലിബാൻ കാബൂളിലേക്ക് നീങ്ങിയതിനു പിന്നാലെ ഓഗസ്റ്റ് 14 മുതൽ രക്ഷപ്പെട്ടവരാണ്.
അതേസമയം, അഫ്‍ഗാനിസ്ഥാനിൽ കുടുങ്ങിയ കാസർകോട് സ്വദേശിയായ കന്യാസ്ത്രീ തെരേസ ക്രസ്റ്റയെ താജിക്കിസ്ഥാനിൽ എത്തിച്ചു. അമേരിക്കൻ സൈനിക വിമാനത്തിലാണ് ഇവരെ കാബൂളിൽ നിന്ന് താജിക്കിസ്ഥാനിൽ എത്തിച്ചത്.
ഇതിനിടെ കാബൂൾ വിമാനത്താവളത്തിലുണ്ടായ വെടിവയ്പിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് പരുക്കേറ്റു. അജ്ഞാത സംഘമാണ് വെടിയുതിർത്തത്. അഫ്ഗാൻ സൈനിക ഉദ്യോഗസ്ഥനാണ് വെടിവയ്പിൽ കൊല്ലപ്പെട്ടത്.
Read Also : അഫ്ഗാനിസ്ഥാനിൽ നിന്നെത്തിയ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഒരാഴ്ച മുൻപാണ് കാബൂൾ വിമാനത്താവളത്തിൽ രാജ്യം വിടാൻ ആളുകൾ കൂട്ടമായെത്തിയതോടെ അമേരിക്കൻ സൈന്യം വെടിയുതിർത്തത്. തിക്കിലും തിരക്കിലും വെടിവയ്പ്പിലും പെട്ട പത്തോളം പേർ മരിച്ചിരുന്നു. അതേസമയം ഇന്ന് നടന്ന വെടിവയ്പിനെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ജർമൻ മിലിട്ടറിയാണ് വാർത്ത് പുറത്തുവിട്ടത്.
അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലെത്തിയതോടെയാണ് രാജ്യത്തിന് പുറത്തുകടക്കാൻ ജനംശ്രമിച്ചത്. അഫ്ഗാൻ തലസ്ഥാനമായ കാബുളും പ്രസിഡന്റിന്റെ കൊട്ടാരവുമടക്കം താലിബാൻ പിടിച്ചടക്കിയിരുന്നു. അഫ്ഗാനിൽ നിന്ന് കൂടുതൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിലാണ് വിമാനത്താവളത്തിൽ വീണ്ടും ആക്രമണമുണ്ടായത്.
താലിബാനെതിരെ ജി-7 രാജ്യങ്ങൾ ഉപരോധ നീക്കം ആരംഭിച്ചിരുന്നു. ഉപരോധ നീക്കം എന്ന ബ്രിട്ടന്റെ നിർദേശത്തിന് പരസ്യപിന്തുണയുമായി അമേരിക്ക രംഗത്തെത്തി. അഫ്ഗാൻ പ്രശ്നം ചർച്ച ചെയ്യാൻ ജി-7 രാജ്യങ്ങളുടെ അടിയന്തര യോഗം ഉടൻ നടക്കും. അമേരിക്ക, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ എന്നിവരാണ് ജി-7 രാജ്യങ്ങളിൽ ഉൾപ്പെടുന്നത്.
Story Highlight: 16,000 Evacuated Kabul Airport Pentagon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here