മൂന്നാം തരംഗം നേരിടാൻ മുന്നൊരുക്കം; ആശുപത്രികളിൽ പ്രത്യേക ശിശുരോഗ ഐ.സി.യുകളും കട്ടിലുകളും സജ്ജമാക്കും

കൊവിഡ് മൂന്നാം തരംഗം മുന്നിൽ കണ്ട് ആരോഗ്യവകുപ്പ് വളരെ നേരത്തെ തന്നെ മുന്നൊരുക്കം ആരംഭിച്ചുവെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ. താലൂക്ക് തലം മുതലുള്ള ആശുപത്രികളിൽ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മൂന്നാം തരംഗമുണ്ടായായാൽ കുട്ടികളിൽ കൂടുതൽ ആരോഗ്യപ്രശ്നമുണ്ടായേക്കാം എന്നാണ് ആശങ്ക. ഈ സാഹചര്യത്തിൽ ആശുപത്രികളിൽ പ്രത്യേക ശിശുരോഗ ഐ.സി.യുകളും കട്ടിലുകളും സജ്ജമാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മൂന്നാം തരംഗത്തിന്റെ സാധ്യതകൾ നിലനിൽക്കുന്നതിനാൽ കൂടുതൽ ജാഗ്രതയോടെ മുന്നോട്ടുപോകണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
ഓക്സിജൻ ലഭ്യത ഉറപ്പാക്കാനും നടപടി എടുത്തിട്ടുണ്ട്. 870 മെട്രിക് ടൺ ഓക്സിജൻ നിലവിൽ കരുതൽ ശേഖരമായി സൂക്ഷിച്ചിട്ടുണ്ട്. സർക്കാർ നിർദേശപ്രകാരം 13 മെട്രിക് ടൺ ഓക്സിജൻ സ്ഥാപിക്കാൻ സഹായകരമാവുന്ന പ്ലാന്റുകൾ സ്വകാര്യ ആശുപത്രികളിൽ സജ്ജമാക്കും. സർക്കാർ ആശുപത്രികളിൽ ഐ.സി.യു. വെൻ്റിലേറ്റർ സൗകര്യം ഇതൊന്നും ലഭ്യമല്ലെങ്കിൽ ഇത്തരം ആശുപത്രികളിൽ മാറ്റി ചികിത്സിക്കാനുള്ള സൗകര്യവും ഒരുക്കും.
കൊവിഡ് മഹാമാരി മൂലം മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്ക് ധനസഹായം അനുവദിക്കാൻ 3.19കോടി രൂപ സർക്കാർ അനുവദിച്ചു. മൂന്ന് ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും കുട്ടിക്ക് 18 വയസ്സാവും വരെ മാസംതോറും 2000 രൂപയുമാണ് അനുവദിക്കുന്നത്. ഈ കുട്ടികളുടെ ഡിഗ്രി വരെയുള്ള വിദ്യാഭ്യാസ ചെലവുകൾ സംസ്ഥാന സർക്കാർ വഹിക്കും. മാനദണ്ഡങ്ങൾ അനുസരിച്ച് 87 കുട്ടികളെ ഈ പദ്ധതിക്കായി സർക്കാർ തെരഞ്ഞെടുത്തിട്ടുണ്ട്.
Story Highlight: CM on third wave
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here