ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റനായി ഋഷഭ് പന്ത് തുടർന്നേക്കും

ശ്രേയാസ് അയ്യർ തിരികെ എത്തിയാലും ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റനായി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് തുടർന്നേക്കും. പരുക്കേറ്റ് നീണ്ട കാലത്തെ വിശ്രമത്തിനു ശേഷം തിരികെ എത്തുന്നതിനാൽ ശ്രേയാസിന് കൂടുതൽ സമയം അനുവദിക്കുകയാണെന്നും പന്ത് തന്നെ ക്യാപ്റ്റൻ സ്ഥാനത്ത് തുടരുമെന്നും ഫ്രാഞ്ചൈസി പ്രതിനിധി അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. (Rishabh Pant Capitals captain)
ഇന്ത്യയിൽ നടന്ന ഐപിഎൽ ആദ്യ പാദത്തിൽ മികച്ച പ്രകടനമാണ് ഡൽഹി നടത്തിയത്. ഋഷഭ് പന്തിനു കീഴിൽ 8 മത്സരങ്ങൾ കളിച്ച ഡൽഹി 6 മത്സരങ്ങളിലും വിജയിച്ച് പോയിൻ്റ് പട്ടികയിൽ ഒന്നാമതാണ്. കഴിഞ്ഞ സീസണിൽ ഫൈനൽ കളിച്ച ഡൽഹി കലാശപ്പോരിൽ മുംബൈ ഇന്ത്യൻസിനോട് പരാജയപ്പെടുകയായിരുന്നു.
നേരത്തെ, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ യുവ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ ഐപിഎൽ രണ്ടാം പാദത്തിൽ നിന്ന് പുറത്തായിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി നടന്ന പരിശീലന മത്സരത്തിൽ പരുക്കേറ്റ സുന്ദർ പരമ്പരയിൽ നിന്ന് പുറത്തായിരുന്നു. ഐപിഎലിനു മുൻപ് താരത്തിൻ്റെ പരുക്ക് പൂർണമായി ഭേദമാവില്ലെന്ന ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് സുന്ദറിനെ ആർസിബി ഒഴിവാക്കിയത്. പകരം ബംഗാൾ താരവും ടീമിൻ്റെ നെറ്റ് ബൗളറുമായ ആകാശ് ദീപ് ടീമിലെത്തിയിട്ടുണ്ട്.
Read Also : വാഷിംഗ്ടൺ സുന്ദർ ഐപിഎലിൽ നിന്ന് പുറത്ത്
ഐപിഎൽ രണ്ടാം പാദത്തിൽ ടീം വിട്ട വിദേശതാരങ്ങൾക്കെല്ലാം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പകരക്കാരെ കണ്ടെത്തിയിരുന്നു. ഓസ്ട്രേലിയൻ പേസർ കെയിൻ റിച്ചാർഡ്സണു പകരം ഇംഗ്ലണ്ടിൻ്റെ സസക്സ് പേസർ ജോർജ് ഗാർട്ടനെ ടീമിലെത്തിച്ചാണ് ആർസിബി വിദേശ ക്വാട്ട പൂർത്തിയാക്കിയത്.
സെപ്റ്റംബർ 19 മുതൽ ദുബൈയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.
ദുബൈ, അബുദാബി, ഷാർജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഫൈനലും ആദ്യ ക്വാളിഫയർ മത്സരവും ദുബൈയിൽ നടക്കും. ഒക്ടോബർ 15 ന് ഫൈനലും ഒക്ടോബർ 10 ന് ആദ്യ ക്വാളിഫയറും നടക്കും. എലിമിനിറ്റേർ മത്സരം ഒക്ടോബർ 11 നും രണ്ടാം ക്വാളിഫയർ 13 നും അബുദാബി സ്റ്റേഡിയത്തിലും നടക്കും.
Story Highlight: Rishabh Pant continue Delhi Capitals captain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here