തെലങ്കാനയിൽ സ്കൂളുകൾ തുറക്കാനുള്ള തീരുമാനത്തിന് ഹൈക്കോടതിയുടെ സ്റ്റേ

തെലങ്കാനയിൽ സ്കൂളുകൾ തുറക്കാനുള്ള തീരുമാനത്തിന് ഹൈക്കോടതിയുടെ സ്റ്റേ. സെപ്തംബർ 1 മുതൽ സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാനായിരുന്നു തെലങ്കാന സർക്കാരിൻ്റെ തീരുമാനം. എന്നാൽ, ഇപ്പോൾ സ്കൂളുകൾ തുറക്കേണ്ടതിൻ്റെ ആവശ്യകതയില്ലെന്ന് ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു. (Telangana High Court Schools)
ഓഗസ്റ്റ് 25 നാണ് എൽകെജി മുതൽ പ്ലസ് ടു വരെയുള്ള എല്ലാ ക്ലാസുകൾ വിവിധ ഘട്ടങ്ങളിലായി തുറക്കാൻ സംസ്ഥാന സർക്കാർ നിർദ്ദേശം നൽകിയത്. 2020 മാർച്ചിൽ ലോക്ക്ഡൗണിനെ തുടർന്നാണ് സംസ്ഥാനത്തെ സ്കൂളുകൾ അടച്ചത്. ഒന്നര വർഷം അടച്ചിട്ടതിനു ശേഷം അടുത്ത മാസം ഒന്നാം തീയതി മുതൽ ക്ലാസുകൾ തുറക്കാനായിരുന്നു നിർദ്ദേശം. ഈ നിർദ്ദേശത്തെയാണ് ഹൈക്കോടതി റദ്ദാക്കിയത്.
വിഷയത്തിൽ ഒക്ടോബർ നാലിനു മുൻപ് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ക്ലാസുകളിൽ എത്തണമെന്ന് ഒരു വിദ്യാർത്ഥിയെയും നിർബന്ധിക്കാൻ പാടില്ലെന്നും കോടതി പറഞ്ഞു. ഓഫ്‌ലൈൻ ക്ലാസുകൾ നടത്താത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാൻ പാടില്ല. ഓൺലൈൻ ക്ലാസുകൾ തുടരണോ ഓഫ്‌ലൈൻ ക്ലാസുകൾ തുടങ്ങണോ എന്നത് സ്ഥാപനങ്ങളുടെ താത്പര്യമാണ് എന്നും കോടതി പറഞ്ഞു.
Read Also : ഡൽഹിയിൽ അടുത്ത മാസം മുതൽ സ്കൂളുകൾ തുറക്കുന്നു
കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ സംസ്ഥാനത്ത് ഡൽഹി സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. സ്കൂളുകൾ ഘട്ടം ഘട്ടമായാണ് തുറക്കാൻ തീരുമാനിച്ചിട്ടുള്ളത്.ഒൻപത് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾ അടുത്ത മാസം ഒന്നുമുതൽ ആരംഭിക്കും. ആറ് മുതൽ എട്ട് വരെയുള്ള ക്ലാസുകൾ അടുത്ത മാസം 8 ന് ആരംഭിക്കും.കൊവിഡ് സാഹചര്യം പരിശോധിച്ച് കൂടുതൽ കൂടുതൽ ക്ലാസുകൾ തുറക്കുന്നകാര്യത്തിൽ സർക്കാർ തീരുമാനമെടുക്കും.
സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാനുള്ള മാനദണ്ഡങ്ങൾ സർക്കാർ നേരത്തെ പുറത്തിറക്കിയിരുന്നു. കൊവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ സംസ്ഥാനത്തെ കടകൾക്കും,മാളുകൾക്കും,റസ്റ്റോറന്റുകൾക്കും തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകി. നിലവിൽ കടകൾക്ക് രാത്രി 8 മണിവരെ തുറന്ന് പ്രവർത്തിക്കാനാണ് അനുമതിയുള്ളത്.
ഗുജറാത്തിൽ സെപ്തംബർ മുതൽ സ്കൂളുകൾ തുറക്കും. 6, 7, 8 ക്ലാസുകളാണ് സെപ്തംബർ 2 മുതൽ തുറക്കുക. ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷം മാർച്ചിലാണ് ഗുജറാത്തിലെ സ്കൂളുകളും കോളജുകളും അടച്ചത്. ഇക്കൊല്ലം ജനുവരി 11 മുതൽ 10, 12 ക്ലാസുകളും പിജി ക്ലാസുകളും തുറന്നു. ഫെബ്രുവരി 8 മുതൽ 9, 10 ക്ലാസുകളും നടക്കുന്നുണ്ട്. എങ്കിലും ഏപ്രിൽ മാസത്തിൽ കൊവിഡ് രണ്ടാം തരംഗത്തിൻ്റെ ഭാഗമായി തുറന്ന ക്ലാസുകളൊക്കെ വീണ്ടും അടച്ചു.
ഈ മാസം 12ന്, സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാനുള്ള തീരുമാനത്തിൽ നിന്ന് മഹാരാഷ്ട്ര സർക്കാർ പിന്മാറിയിരുന്നു. കൊവിഡ് ടാസ്ക് ഫോഴ്സിൻ്റെ എതിർപ്പിനെ തുടർന്നാണ് സ്കൂളുകൾ തുറക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറിയത്. ഈ മാസം 17 മുതൽ സ്കൂളുകൾ തുറക്കുമെന്നായിരുന്നു മഹാരാഷ്ട്ര സർക്കാരിൻ്റെ പ്രഖ്യാപനം.
നഗരപ്രദേശങ്ങളിലുള്ള സ്കൂളുകളിലെ 8 മുതൽ 12 വരെയുള്ള ക്ലാസുകളും ഗ്രാമങ്ങളിലുള്ള സ്കൂളുകളിലെ 5 മുതൽ 12 വരെയുള്ള ക്ലാസുകളുമാണ് ഓഗസ്റ്റ് 17 മുതൽ തുറക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, ടാസ്ക് ഫോഴ്സ് ഇതിനെ എതിർത്തതോടെ സർക്കാർ നിലപാടിൽ നിന്ന് പിന്മാറുകയായിരുന്നു.
Story Highlight: Telangana High Court Stays Order Reopen Schools
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here