പാരാലിമ്പിക്‌സ്; പ്രവീൺ കുമാറിന്റെ വെള്ളി നേട്ടത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ടോക്യോ പാരാലിമ്പിക്‌സിൽ ഹൈജമ്പിൽ വെള്ളി നേടിയ പ്രവീൺ കുമാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രവീൺ കുമാറിന്റെ നേട്ടം കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുരുഷന്മാരുടെ ടി 64 വിഭാഗത്തിലാണ് പ്രവീൺ കുമാർ വെള്ളി നേടിയത്. 2.07 മീറ്ററാണ് പ്രവീൺ മറി കടന്നത്. ടോക്യോ പാരാലിമ്പിക്‌സിലെ ഇന്ത്യയുടെ പതിനൊന്നാമത്തെ മെഡലാണിത്.
അതേസമയം, ഹൈജമ്പ് ടി63 വിഭാഗത്തിൽ മാരിയപ്പന് റിയോ ആവർത്തിക്കാനായില്ലെങ്കിലും വെള്ളിമെഡൽ നേടാൻ കഴിഞ്ഞു. 2016 റിയോ ഒളിമ്പിക്സിൽ സ്വർണം നേടിയ താരമാണ് മാരിയപ്പൻ തങ്കവേലു. 1.86 മീറ്റർ ദൂരം ചാടിയാണ് മാരിയപ്പൻ്റെ വെള്ളി. മാരിയപ്പനൊപ്പം മത്സരിച്ച ഇന്ത്യൻ താരം ശരത് കുമാറിനാണ് വെങ്കലം. ശരത് കുമാർ 1.83 മീറ്റർ ദൂരം താണ്ടി. മറ്റൊരു ഇന്ത്യൻ താരം വരുൺ ഭട്ടി ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
അവസാന ഘട്ടത്തിൽ ഇന്ത്യൻ താരങ്ങൾ തമ്മിലായിരുന്നു സ്വർണപ്പോര് നടന്നത്. 1.83 മീറ്റർ ദൂരം അനായാസം മറികടന്ന ഇരുവർക്കും ആദ്യ രണ്ട് അവസരങ്ങളിൽ 1.86 മീറ്റർ ദൂരം മറികടക്കാനായില്ല. മൂന്നാം അവസരത്തിൽ മാരിയപ്പൻ ഈ ദൂരം മറികടന്നപ്പോൾ ശരത് കുമാർ മൂന്നാമതും പരാജയപ്പെട്ടു. അമേരിക്കയുടെ സാം ഗ്രീവ് മൂന്നാം ശ്രമത്തിൽ 1.86 മീറ്റർ മറികടന്നു. ഇതോടെ സ്വർണപ്പോര് മാരിയപ്പനും സാമും തമ്മിലായി.
ആദ്യ രണ്ട് ശ്രമത്തിലും 1.88 മീറ്റർ ദൂരം മറികടക്കാൻ ഇരുവർക്കും സാധിച്ചില്ല. മൂന്നാം ശ്രമത്തിലും മാരിയപ്പൻ പരാജയപ്പെട്ടു. എന്നാൽ, മൂന്നാം ശ്രമത്തിൽ 1.88 മീറ്റർ ദൂരം മറികടന്ന സാം ഗ്രീവ് സ്വർണനേട്ടവുമായി മടങ്ങുകയായിരുന്നു. വെള്ളിയും വെങ്കലവും ഇന്ത്യൻ താരങ്ങൾ നേടി.
Story Highlight: PM Congratulate Praveen Kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here