കോഴിക്കോട്ട് കുട്ടിക്ക് നിപ വന്നത് വവ്വാല്‍ കടിച്ച പഴവര്‍ഗത്തിലൂടെയാണോ എന്ന് പരിശോധിക്കും
കോഴിക്കോട് നിപ സ്ഥിരീകരിച്ച ചാത്തമംഗലം മുന്നൂരില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തി. മരിച്ച കുട്ടിയുടെ വീട്ടിലും അയല്‍പക്കത്തെ വീടുകളിലുമാണ് കേന്ദ്രസംഘം സന്ദര്‍ശനം നടത്തിയത്. രോഗം വന്നത് വവ്വാല്‍ കടിച്ച പഴവര്‍ഗത്തിലൂടെയാണോ എന്ന കാര്യം വിശദമായി പരിശോധിക്കും.
ഇന്ന് വൈകിട്ടോടെയാണ് കേന്ദ്രസംഘം മുന്നൂര്‍ എത്തിയത്. കുട്ടിയുടെ വീടിന് പരിസരപ്രദേശത്ത് സംഘം വിശദമായി പരിശോധിച്ചു. കുട്ടി റമ്പൂട്ടാന്‍ കഴിച്ചിരുന്നതായി കുടുംബാംഗങ്ങള്‍ കേന്ദ്രസംഘത്തെ അറിയിച്ചു. വീടിന് സമീപം റമ്പൂട്ടാന്‍ മരങ്ങള്‍ നിന്ന സ്ഥലത്തും കേന്ദ്രസംഘം പരിശോധിക്കുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു.
ഇന്ന് പുലര്‍ച്ചെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പന്ത്രണ്ടുകാരന്‍ മരിച്ചത്. ഈ മാസം ഒന്നാം തീയതിയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഛര്‍ദിയും മസ്തിഷ്‌ക ജ്വരവും ബാധിച്ച കുട്ടിയെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജിലെ ചികിത്സയില്‍ പനി കുറയാത്തതിനെ തുടര്‍ന്ന് പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ഐസൊലേറ്റഡ് ഐസിയുവില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കുട്ടിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 188 പേരെ നിരീക്ഷണത്തിലാക്കി. ഇതില്‍ 20 പേര്‍ ഹൈ റിസ്‌ക്ക് കോണ്‍ടാക്ടിലുള്ളവരാണ്.
Story Highlight: central team visit munnoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here