12 വയസ്സുകാരന്റെ മരണകാരണം നിപ തന്നെ; സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി

കോഴിക്കോട് 12 വയസ്സുകാരൻ മരിച്ചത് നിപ ബാധയേറ്റാണെന്ന് സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. ഇന്നലെ രാത്രി വൈകി ഈ വിവരം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലഭിച്ചു. കുട്ടിയുടെ മൂന്ന് സാമ്പിളുകളും പോസിറ്റീവാണ്. അര മണിക്കൂറിനുള്ളിൽ ആരോഗ്യവകുപ്പ് വകുപ്പ് തല യോഗം ചേരുകയും അടിയന്തിരമായി ആക്ഷൻ പ്ലാൻ എടുക്കുകയും ചെയ്തു എന്നും മന്ത്രി വ്യക്തമാക്കി. (kozhikode nipah death confirmation)
കുട്ടിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന എല്ലാവരെയും കണ്ടെത്താൻ ശ്രമങ്ങൾ നടത്തുകയാണ്. പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരെ ഐസൊലേഷനിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കൽ കോളജിൽ ഉൾപ്പെടെ ചികിത്സാ ക്രമീകരണങ്ങൾ ഉൾപ്പെടെ സൗകര്യങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ഇതുവരെ മറ്റ് ആർക്കും രോഗലക്ഷണങ്ങൾ ഇല്ല. ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പക്ഷേ, ആരോഗ്യവകുപ്പ് സാഹചര്യം കൃത്യമായി വിലയിരുത്തുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു.
Read Also : കോഴിക്കോട് നിപ ബാധ സംശയിക്കുന്ന കുട്ടി മരിച്ചു
ഈ മാസം ഒന്നാം തീയതിയാണ് കോഴിക്കോട് ശാസ്തമംഗലം സ്വദേശിയായ 12 വയസ്സുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ ഐസൊലേറ്റഡ് ഐസിയുവിൽ ചികിത്സയിലായിരുന്നു. കുട്ടികളുടെ ബന്ധുക്കളെയും അയൽവാസികളെയുമൊക്കെ നിരീക്ഷണത്തിലാക്കി. ഈ ഭാഗത്തുള്ള റോഡുകൾ അടച്ചിരിക്കുകയാണ്.
ഛർദിയും മസ്തിഷ്‌ക ജ്വരവും ബാധിച്ച കുട്ടിയെ ഈ മാസം ഒന്നാം തീയതിയാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിപാ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. ആരോഗ്യമന്ത്രി വീണ ജോർജ് അല്പ സമയത്തിനുള്ളിൽ കോഴിക്കോട് എത്തും. വൈദ്യ സംഘവും കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്. 2018ൽ കോഴിക്കോട്ട് 17 പേരാണ് നിപ ബാധിച്ച് മരിച്ചത്.
Story Highlight: kozhikode nipah virus death confirmation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here