Advertisement

മാൻ ഓഫ് ദി മാച്ചിന് അർഹൻ ശർദ്ദുൽ താക്കൂർ ആയിരുന്നു: രോഹിത് ശർമ്മ

September 7, 2021
2 minutes Read
Shardul Thakur Rohit Sharma

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരത്തിൽ മാൻ ഓഫ് ദി മാച്ചിന് അർഹതയുണ്ടായിരുന്നത് ശർദ്ദുൽ താക്കൂറിനെന്ന് രോഹിത് ശർമ്മ. മത്സരത്തിൻ്റെ രണ്ടാം ഇന്നിംഗ്സിൽ തകർപ്പൻ സെഞ്ചുറി നേടിയ രോഹിതായിരുന്നു കളിയിലെ താരം. എന്നാൽ, തന്നെക്കാൾ അർഹത താക്കൂറിനാണെന്ന് രോഹിത് പറഞ്ഞു. മത്സരത്തിൻ്റെ രണ്ട് ഇന്നിംഗ്സുകളിലും ഫിഫ്റ്റി നേടിയ ശർദ്ദുൽ വിക്കറ്റുകളും നേടി ഓൾറൗണ്ട് പ്രകടനമാണ് കാഴ്ചവച്ചത്. (Shardul Thakur Rohit Sharma)

“ശർദ്ദിലിൻ്റേത് മാച്ച് വിന്നിംഗ് പ്രകടനമായിരുന്നു. മാൻ ഓഫ് ദി മാച്ച് പുരസ്കാരത്തിന് അദ്ദേഹവും അർഹനായിരുന്നു. നിർണായക സമയങ്ങളിൽ അദ്ദേഹം ഞങ്ങൾക്ക് ബ്രേക്ക്‌ത്രൂ നൽകി. ഞങ്ങൾ വലിയ സമ്മർദ്ദത്തിലാണെന്ന് ഞാൻ പറയില്ല. പക്ഷേ, ഇംഗ്ലണ്ട് 100 റൺസ് നേടി വിക്കറ്റുകളൊന്നും വീഴാതിരുന്ന സമയത്ത് നിർണായക വിക്കറ്റ് വീഴ്ത്തുക എന്നത് വലിയ കാര്യമാണ്. ഏറ്റവും പ്രധാനപ്പെട്ട ജോ റൂട്ടിൻ്റെ വിക്കറ്റെടുത്തതും മികച്ച പ്രകടനമായിരുന്നു.”- രോഹിത് പറഞ്ഞു.

Read Also : ഈ ടീം ആടിയുലയില്ല, കാരണം ഈ ടീമിന് ഒരു കപ്പിത്താനുണ്ട്

“അദ്ദേഹത്തിൻ്റെ ബാറ്റിംഗ് നമുക്കെങ്ങനെ മറക്കാനാവും. 30 പന്തുകളിൽ 50 റൺസെടുക്കുക എന്നത് വലിയ കാര്യമാണ്. അദ്ദേഹം തൻ്റെ ബാറ്റിംഗിൽ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി ഞാൻ താക്കൂറിനെ കാണുന്നതാണ്. അദ്ദേഹത്തിന് ബാറ്റ് ചെയ്യാനും തനിക്ക് ബാറ്റ് ചെയ്യാൻ കഴിയുമെന്ന് തെളിയിക്കാനും ഇഷ്ടമാണ്. ആദ്യ ഇന്നിംഗ്സിൽ 130-140 റൺസിന് ഞങ്ങൾ ഓളൗട്ടായേനേ. പക്ഷേ, താക്കൂറിൻ്റെ ബാറ്റിംഗ് ഞങ്ങളെ മാന്യമായ സ്കോറിലെത്തിച്ചു. എനിക്ക് മാൻ ഓഫ് ദ മാച്ച് ലഭിച്ചു. പക്ഷേ, ശർദ്ദുലും അതിൻ്റെ ഭാഗമായിരുന്നെങ്കിൽ നന്നായേനെ എന്ന് എനിക്ക് തോന്നുന്നു.”- രോഹിത് തുടർന്നു.

ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച നേരിട്ട ആദ്യ ഇന്നിംഗ്സിൽ 57 റൺസാണ് താക്കൂർ എടുത്തത്. 6 വിക്കറ്റ് നഷ്ടത്തിൽ 117 റൺസ് എന്ന നിലയിൽ തകർന്നുനിന്ന ഇന്ത്യക്ക് വേണ്ടി 36 പന്തുകളിലായിരുന്നു താക്കൂറിൻ്റെ ഇന്നിംഗ്സ്. ഈ ഇന്നിംഗ്സാണ് ഇന്ത്യയെ മാന്യമായ സ്കോറിലെത്തിച്ചത്. രണ്ടാം ഇന്നിംഗ്സിൽ 60 റൺസെടുത്ത താക്കൂർ ഇന്ത്യയ്ക്ക് 350 റൺസിനു മുകളിലുള്ള ലീഡ് നൽകി. ആദ്യ ഇന്നിംഗ്സിലും രണ്ടാം ഇന്നിംഗ്സിലുമായി മൂന്ന് വിക്കറ്റുകളും താക്കൂർ നേടി. ആദ്യ ഇന്നിംഗ്സിൽ, ടോപ്പ് സ്കോറർ ഒലി പോപ്പിനെ പുറത്താക്കിയ താരം രണ്ടാം ഇന്നിംഗ്സിൽ ഓപ്പണിംഗ് കൂട്ടുകെട്ട് തകർത്ത് റോറി ബേൺസിനെയും ഏറ്റവും പ്രധാന വിക്കറ്റായ ജോ റൂട്ടിനെയും പുറത്താക്കി.

Story Highlight: Shardul Thakur Player of the Match Rohit Sharma

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top