ദക്ഷിണാഫ്രിക്കക്കെതിരെ ശ്രീലങ്കയ്ക്ക് തകർപ്പൻ ജയം, പരമ്പര

ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ഏകദിന മത്സരത്തിൽ ശ്രീലങ്കയ്ക്ക് തകർപ്പൻ ജയം. 78 റൺസിനാണ് കരുത്തരായ ദക്ഷിണാഫ്രിക്കയെ ശ്രീലങ്ക കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത് 9 വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുത്ത ശ്രീലങ്ക ദക്ഷിണാഫ്രിക്കയെ 125 റൺസിനു പുറത്താക്കുകയായിരുന്നു. 18 മാസങ്ങൾക്കു ശേഷമാണ് ശ്രീലങ്ക ഒരു ഏകദിന പരമ്പര വിജയിക്കുന്നത്. (srilanka won south africa)
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ചരിത് അസലങ്ക (47), ധനഞ്ജയ ഡിസിൽവ (31) ദുഷ്മന്ത ചമീര (29) എന്നിവരുടെ ഇന്നിംഗ്സ് ബലത്തിലാണ് മാന്യമായ സ്കോറിലെത്തിയത്. ദക്ഷിണാഫ്രിക്കക്കു വേണ്ടി ക്യാപ്റ്റൻ കേശവ് മഹാരാജ് 3 വിക്കറ്റ് വീഴ്ത്തി. ജോർജ് ലിൻഡെ, തബ്രൈസ് ഷംസി എന്നിവർക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഒരിക്കൽ പോലും മത്സരത്തിൽ മുൻതൂക്കം നേടാനായില്ല. 22 റൺസ് നേടിയ ഹെൻറിച് ക്ലാസൻ ആണ് പ്രോട്ടീസിൻ്റെ ടോപ്പ് സ്കോറർ. ശ്രീലങ്കക്കായി അരങ്ങേറ്റം കുറിച്ച 21കാരൻ മഹീഷ് തീക്ഷണ നാല് വിക്കറ്റ് വീഴ്ത്തി.
ആദ്യ മത്സരത്തിൽ 14 റൺസിനു വിജയിച്ച ശ്രീലങ്ക രണ്ടാം മത്സരത്തിൽ 67 റൺസിനു പരാജയപ്പെട്ടു. എന്നാൽ, നിർണായകമായ മൂന്നാം മത്സരത്തിൽ വിജയിക്കാനായ ശ്രീലങ്ക പരമ്പര സ്വന്തമാക്കുകയായിരുന്നു. ഇന്ത്യക്കെതിരെ ടി-20 പരമ്പര വിജയിച്ച ശ്രീലങ്കയ്ക്ക് ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിന പരമ്പര വിജയിക്കാനായത് വലിയ ആത്മവിശ്വാസം നൽകും. സെപ്തംബർ 10 മുതൽ ടി-20 പരമ്പര ആരംഭിക്കും.
Story Highlight: srilanka won south africa odi series
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here