പിജി സിലബസിൽ സവർക്കറുടെയും ഗോൾവാൾക്കറുടെയും പുസ്തകങ്ങൾ; പിന്തുണച്ച് കണ്ണൂർ സർവകലാശാല യൂണിയൻ

കണ്ണൂർ സർവകലാശാലയുടെ വിവാദ സിലബസിനെ പിന്തുണയ്ക്കുന്നുവെന്ന് കണ്ണൂർ സർവകലാശാല യൂണിയൻ. വിദ്യാർത്ഥികൾക്കിടയിൽ ഗോൾവാൾക്കറും സവർക്കറുമെല്ലാം ചർച്ച ചെയ്യപ്പെടണം. വിമർശനാത്മകമായി കാര്യങ്ങൾ മനസിലാക്കണം. നാലംഗ സമിതിയാണ് സിലബസ് തയാറാക്കിയതെന്നും മഹാത്മാഗാന്ധിയെ തിരസ്കരിച്ചിട്ടില്ലെന്നും സർവകലാശാല യൂണിയൻ ചെയർമാൻ അഭിപ്രായപ്പെട്ടു.
ഇതിനിടെ സിലബസ് വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് സർവകലാശാല വൈസ് ചാൻസലറോട് വിശദീകരണം തേടി. എത്രയൊക്കെ പ്രതിഷേധം ഉണ്ടായാലും പി ജി സിലബസ് പിൻവലിക്കില്ലെന്നാണ് വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ നിലപാടെടുത്തത്. സവർക്കറും ഗോൾവാൾക്കറും ആരെന്ന് പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥികൾ അറിയണമെന്ന് ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.
അതിനിടെ യൂത്ത് കോൺഗ്രസ് – കെ.എസ്.യു പ്രവർത്തകർ കണ്ണൂർ യൂണിവേഴ്സിറ്റി വിസിയെ വഴിയിൽ തടഞ്ഞു. കണ്ണൂർ സർവകലാശാലയുടെ വിവാദ സിലബസ് താത്ക്കാലത്തേക്ക് മരവിപ്പിച്ചെന്നും സിലബസ് അഞ്ചംഗ സമിതി പരിശോധിക്കുന്നതുവരെ പഠിപ്പിക്കില്ലെന്നും വി സി അറിയിച്ചു.
എംഎ ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് കോഴ്സിന്റെ സിലബസിലാണ് ഇവരുടെ പുസ്തകങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
മൂന്നാം സെമസ്റ്റർ പിജി കോഴ്സിന്റെ പുതുക്കിയ സിലബസിലാണ് കാവി വത്കരണം. സവർകറുടെ ഹു ഇസ് ഹിന്ദു, ഗോൾവാൾക്കറുടെ ദ ബഞ്ച് ഓഫ് തോട്ട്സ് എന്നീ പുസ്തകങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒപ്പം ദീൻദയാൽ ഉപാധ്യായയുടെ ഇന്റഗ്രൽ ഹ്യൂമനിസം എന്ന പുസ്തകത്തിന്റെ ഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
കൃത്യമായ അജണ്ഡ നിശ്ചയിച്ചുകൊണ്ടാണ് സിലബസ് തയാറാക്കിയിരിക്കുന്നത് എന്നാണ് ആരോപണം. ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് ഒരുക്കിയതെന്നും ആരോപണമുണ്ട്.
Read Also : പിജി സിലബസിൽ സവർക്കറുടെയും ഗോൾവാൾക്കറുടെയും പുസ്തകങ്ങൾ; കണ്ണൂർ സർവകലാശാല വിവാദത്തിൽ
Story Highlight: University Union Supports kannur university syllabus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here