പരിശീലന മത്സരത്തിൽ ഡിവില്ല്യേഴ്സിനു സെഞ്ചുറി; തകർപ്പൻ ബാറ്റിംഗുമായി അസ്‌ഹറുദ്ദീൻ: വിഡിയോ

ഐപിഎൽ രണ്ടാം പാദ മത്സരങ്ങൾക്ക് മുന്നോടിയായി നടത്തിയ ഇൻട്ര സ്ക്വാഡ് മത്സരത്തിൽ തകർത്തടിച്ച് സൂപ്പർ താരം എബി ഡിവില്ല്യേഴ്സ്. ഡിവില്ല്യേഴ്സിനൊപ്പം മലയാളി താരം മുഹമ്മദ് അസ്‌ഹറുദ്ദീനും തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചു. എന്നാൽ, ടീമിനെ വിജയത്തിലെത്തിക്കാൻ ഇരുവർക്കും സാധിച്ചില്ല. (rcb intra squad devilliers)
ഹർഷൽ പട്ടേൽ ഇലവനും ദേവ്ദത്ത് പടിക്കൽ ഇലവനും തമ്മിലായിരുന്നു മത്സരം. ആദ്യം ബാറ്റ് ചെയ്ത ഹർഷൽ പട്ടേൽ ഇലവനു വേണ്ടി ഡിവില്ല്യേഴ്സ് 46 പന്തുകൾ നേരിട്ട് 104 റൺസെടുത്തു. 7 ബൗണ്ടറികളും 10 സിക്സറുകളും സഹിതമായിരുന്നു സൂപ്പർ താരത്തിൻ്റെ ഇന്നിംഗ്സ്. ഡിവില്ല്യേഴ്സിനൊപ്പം തകർത്തടിച്ച മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഹമ്മദ് അസ്‌ഹറുദ്ദീനും ചേർന്നപ്പോൾ ടീം കുതിച്ചു. 43 പന്തുകൾ നേരിട്ട് 6 ബൗണ്ടറികളുടെയും 3 സിക്സറുകളുടെയും സഹായത്തോടെ 66 റൺസാണ് മലയാളി താരം നേടിയത്. ഇതോടെ ഹർഷൽ പട്ടേൽ ഇലവൻ നിശ്ചിത 20 ഓവറിൽ നേടിയത് 4 വിക്കറ്റ് നഷ്ടത്തിൽ 212 റൺസ്.
Read Also : ഐപിഎൽ രണ്ടാം പാദം: മികവ് തുടരാൻ ഡൽഹി
മറുപടി ബാറ്റിംഗിൽ 21 പന്തുകളിൽ 36 റൺസെടുത്ത് ദേവ്ദത്ത് പടിക്കൽ പുറത്തായെങ്കിലും 47 പന്തിൽ 95 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കെഎസ് ഭരത് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. 11 ബൗണ്ടറികളും 4 സിക്സറുകളും സഹിതമാണ് ഭരത് ഗംഭീര പ്രകടനം കാഴ്ചവച്ചത്. മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെടുത്തി മത്സരത്തിൻ്റെ അവസാന പന്തിലാണ് ദേവ്ദത്ത് പടിക്കൽ ഇലവൻ വിജയലക്ഷ്യം മറികടന്നത്. യുവതാരം സുയാഷ് പ്രഭുദേശായ്, മലയാളി താരം സച്ചിൻ ബേബി എന്നിവരും ദേവ്ദത്ത് പടിക്കൽ ഇലവനിൽ തിളങ്ങി.
സെപ്റ്റംബർ 19 മുതൽ ദുബായിയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.
ദുബായ്, അബുദാബി, ഷാർജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഫൈനലും ആദ്യ ക്വാളിഫയർ മത്സരവും ദുബൈയിൽ നടക്കും. ഒക്ടോബർ 15 ന് ഫൈനലും ഒക്ടോബർ 10 ന് ആദ്യ ക്വാളിഫയറും നടക്കും. എലിമിനിറ്റേർ മത്സരം ഒക്ടോബർ 11 നും രണ്ടാം ക്വാളിഫയർ 13 നും അബുദാബി സ്റ്റേഡിയത്തിലും നടക്കും.
Story Highlight: rcb intra squad match ab devilliers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here