Advertisement

ചന്ദ്രിക കള്ളപ്പണ കേസിൽ ഇ.ഡി വിളിപ്പിച്ചത് സാക്ഷി മൊഴി നൽകാൻ: പി.കെ. കുഞ്ഞാലിക്കുട്ടി

September 16, 2021
1 minute Read
PK Kunjalikkutty to media

ചന്ദ്രിക വിഷയത്തിൽ ഇ.ഡി. ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുമെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയും നിയമസഭ കക്ഷി നേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടി. തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് തെളിയിക്കും. ചന്ദ്രിക കേസിൽ ഇ.ഡി വിളിപ്പിച്ചത് ചോദ്യം ചെയ്യാനല്ലെന്നും സാക്ഷിമൊഴി നൽകാനാണെന്നും അദ്ദേഹം അറിയിച്ചു. സാക്ഷിയായി സ്റ്റേറ്റ്മെന്റ് നൽകാനാണ് ഇ.ഡി നോട്ടീസ് നൽകിയത്. ചോദ്യം ചെയ്യാനായി വിളിപ്പിച്ചു എന്നത് മാധ്യമ ഭാഷ്യമാണെന്നും അദ്ദേഹം വിമർശിച്ചു. അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ചന്ദ്രിക കള്ളപ്പണക്കേസിൽ ഇന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് മുമ്പിൽ ഹാജരാകുന്നതിന് മുമ്പ് മാധ്യമങ്ങളെ കണ്ടു സംസാരിക്കുകയായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടി. വൈകീട്ട് നാല് മണിക്കാണ് കൊച്ചി ഇ.ഡി ഓഫിസിൽ കുഞ്ഞാലിക്കുട്ടി ഹാജരാവുക.

Read Also : ഡോ.മാത്യുസ് മാര്‍ സേവേറിയോസ് ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷനാകും

സെപ്റ്റംബർ രണ്ടിന് ഇ.ഡി വിളിപ്പിച്ചപ്പോൾ കുഞ്ഞാലിക്കുട്ടി ഹാജരായിരുന്നില്ല. അന്ന് ഇമെയിൽ അയച്ച് അസൗകര്യം അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ 11 മണിക്ക് എത്താൻ ഇ.ഡി നിർദേശിച്ചിരുന്നു. എന്നാൽ വ്യക്തിപരമായ അസൗകര്യങ്ങൾ മൂലം രാവിലെ എത്തുന്നതിന് പകരം ഉച്ചക്ക് ശേഷം എത്താമെന്ന് അറിയിക്കുകയുമായിരുന്നു. ഇക്കാര്യം ഇ.ഡി സമ്മതിച്ചു.

പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തത്. പാലം പണിയിലെ അഴിമതി വഴികിട്ടിയ 10 ലക്ഷം മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചുവെന്നും നോട്ടു നിരോധന കാലത്ത് കള്ളപ്പണം വെളുപ്പിക്കാനാണ് തുക നിക്ഷേപിച്ചതെന്നും കാണിച്ച് ഇത്തരം കാര്യങ്ങളിൽ അന്വേഷണം വേണമെന്ന് ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഹൈക്കോടതി ഇ.ഡിയോട് കേസെടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു. കളമശ്ശേരി സ്വദേശി ഗിരീഷ്ബാബുവായിരുന്നു പരാതി നൽകിയത്. ഇയാളെയും ഇബ്രാഹിം കുഞ്ഞിനെയും ഇ.ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. തുടർന്ന് ചന്ദ്രിക ഫിനാൻസ് മാനേജർ സമീറിനെ പലവട്ടം വിളിപ്പിച്ചിരുന്നു. മാനേജർ കണക്കുകൾ സമർപ്പിക്കുകയും അക്കൗണ്ടിൽനിന്ന് പിൻവലിച്ച തുക പി.എഫ് അടക്കാനാണെന്നും അറിയിച്ചതായും വിവരമുണ്ട്.

Story Highlights : PK Kunjalikkutty to media

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top