ടി-20 ലോകകപ്പ് കളിക്കണമെന്നത് ആഗ്രഹമായിരുന്നു: മുഹമ്മദ് സിറാജ്

ടി-20 ലോകകപ്പിൽ കളിക്കണമെന്നത് തൻ്റെ ആഗ്രഹമായിരുന്നു എന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. ടീം സെലക്ഷൻ നമ്മുടെ കൈകളിൽ അല്ലെന്നും സിറാജ് വ്യക്തമാക്കി. സ്പോർട്സ്റ്റാറിനു നൽകിയ അഭിമുഖത്തിലാണ് സിറാജ് മനസ്സുതുറന്നത്. നിലവിൽ ഐപിഎൽ രണ്ടാം പാദ മത്സരങ്ങൾക്കൊരുങ്ങുകയാണ് സിറാജ്. (dream World Cup Siraj)
“സെലക്ഷൻ നമ്മുടെ കൈകളിലല്ല. ടി-20 ലോകകപ്പിൽ കളിക്കുക എന്നത് എൻ്റെ ഒരു സ്വപ്നമാണ്. പക്ഷേ, ഇതൊന്നിൻ്റെയും അവസാനമല്ല. എനിക്ക് വേറെയും ഒരുപാട് ലക്ഷ്യങ്ങളുണ്ട്. ടീമിനെ മുന്നിൽ നിന്ന് വിജയിപ്പിക്കൽ അവയിൽ ഏറ്റവും വലുതാണ്.”- സിറാജ് പറഞ്ഞു.
സെപ്റ്റംബർ 19 മുതൽ ദുബായിയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. ദുബായ്, അബുദാബി, ഷാർജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഫൈനലും ആദ്യ ക്വാളിഫയർ മത്സരവും ദുബൈയിൽ നടക്കും. ഒക്ടോബർ 15 ന് ഫൈനലും ഒക്ടോബർ 10 ന് ആദ്യ ക്വാളിഫയറും നടക്കും. എലിമിനിറ്റേർ മത്സരം ഒക്ടോബർ 11 നും രണ്ടാം ക്വാളിഫയർ 13 നും അബുദാബി സ്റ്റേഡിയത്തിലും നടക്കും.
Read Also : ഐപിഎൽ രണ്ടാം പാദം; തിരിച്ചുവരാൻ പഞ്ചാബ്
ഐപിഎൽ രണ്ടാം പാദത്തിൽ ബിസിസിഐ നടത്തുക 30,000 ആർടിപിസിആർ പരിശോധനകളാണ്. ദുബായ് കേന്ദ്രീകരിച്ചുള്ള വിപിഎസ് ഹെൽത്ത്‌കെയർ ആണ് താരങ്ങൾക്കും മറ്റ് അംഗങ്ങൾക്കും വൈദ്യ സംബന്ധിയായ സേവനങ്ങൾ നൽകുക. ഇവർ തന്നെ കൊവിഡ് പരിശോധനകളും നടത്തും. താരങ്ങളുടെ അതേ ബയോ ബബിളിലാവും ആരോഗ്യപ്രവർത്തകരും കഴിയുക. ഓരോ മൂന്ന് ദിവസത്തിലും ഐപിഎലിൽ ആർടിപിസിആർ പരിശോധനകൾ സംഘടിപ്പിക്കും.
മത്സരങ്ങളിൽ കാണികളെ അനുവദിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. നിശ്ചിത എണ്ണം കാണികളെ സ്റ്റേഡിയങ്ങളിൽ അനുവദിക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. എത്ര ശതമാനം ആളുകളെ സ്റ്റേഡിയങ്ങളിൽ അനുവദിക്കുമെന്നത് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. അതാത് പ്രദേശങ്ങളിലെ കൊവിഡ് നിയന്ത്രണങ്ങൾ അനുസരിച്ചാവും പ്രവേശനം.
അടുത്ത സീസണിലെ ഐപിഎലിനു മുന്നോടി ആയുള്ള മെഗാ ലേലം ജനുവരിയിൽ നടക്കുമെന്നാണ് റിപ്പോർട്ട്. ഓരോ ഫ്രാഞ്ചൈസികൾക്കും രണ്ട് താരങ്ങളെ വീതം നിലനിർത്താവും.
Story Highlights : dream play T20 World Cup Mohammed Siraj
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here