വിമാനസർവീസുകളിൽ 85 ശതമാനം യാത്രക്കാരെ ഉൾക്കൊള്ളിക്കാൻ അനുമതി

ആഭ്യന്തര വിമാന സർവീസുകളിൽ 85 ശതമാനം യാത്രക്കാരെ ഉൾക്കൊള്ളിക്കാൻ അനുമതി. നേരത്തെ 72.5 ശതമാനം ആളുകളെ ഉൾക്കൊള്ളിച്ച് സർവീസ് നടത്താനായിരുന്നു അനുമതി ഉണ്ടായിരുന്നത്. രാജ്യത്തെ കൊവിഡ് കേസുകളിൽ ഗണ്യമായ കുറവുണ്ടാവുന്ന സാഹചര്യത്തിൽ ഇത് വ്യോമയാന മന്ത്രാലയം വർധിപ്പിക്കുകയായിരുന്നു. വിവരം വ്യോമയാന മന്ത്രാലയം ഔദ്യോഗികമായി വിമാനക്കമ്പനികളെ അറിയിച്ചിട്ടുണ്ട്. (Airlines Operate Flights Capacity)
ഏതാണ്ട് രണ്ട് നിർത്തലാക്കിയിരുന്ന ആഭ്യന്തര വിമാന സർവീസുകൾ കഴിഞ്ഞ വർഷം മെയിലാണ് രാജ്യത്ത് പുനരാരംഭിച്ചത്. ആദ്യ ഘട്ടത്തിൽ 33 ശതമാനം യാത്രക്കാരുമായി സർവീസ് നടത്താനായിരുന്നു അനുമതി. ആ വർഷം ഡിസംബറിൽ ഇത് 80 ശതമാനമായി ഉയർത്തി. ജൂൺ മാസത്തിൽ ഇത് കുറച്ച് 50 ശതമാനം ആക്കി. നാല് ദിവസങ്ങൾക്കു ശേഷം ഇത് 65 ശതമാനത്തിലേക്ക് വർധിപ്പിച്ചു. ഓഗസ്റ്റ് 12 മുതലാണ് 72.5 ശതമാനത്തിൽ സർവീസ് നടത്താൻ വ്യോമയാന മന്ത്രാലയം അനുമതി നൽകിയത്.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 35,662 കൊവിഡ് കേസുകളാണ്. ആക്ടീവ് കേസുകൾ 3,40,639. രോഗശമന നിരക്ക് 97.65 ശതമാനമാണ്. ആകെ രോഗബാധയുടെ 1.02 ശതമാനാണ് നിലവിലുള്ള കേസുകൾ. 14,48,833 ടെസ്റ്റുകളാണ് ഇക്കാലയളവിൽ നടത്തിയത്. ഇതോടെ ആകെ ടെസ്റ്റുകളുടെ എണ്ണം 55,07,80,273.
Read Also : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 35,662 കൊവിഡ് കേസുകൾ
കഴിഞ്ഞ 19 ദിവസങ്ങളായി ഡെയിലി പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തിൽ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇത് 2.46 ശതമാനമായിരുന്നു. വീക്കിലി പോസിറ്റിവിറ്റി നിരക്ക് 2.02 ശതമാനമാണ്. കഴിഞ്ഞ മൂന്ന് മാസത്തോളമായി വീക്കിലി പോസിറ്റിവിറ്റി നിരക്ക് മൂന്നിൽ താഴെ തുടരുകയാണ്.
അതേസമയം, ലോക്ക്ഡൗണിൽ നാട്ടിലകപ്പെട്ട പ്രവാസികൾക്ക് തിരികെ പോരാൻ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു. കൊവിഡ് മഹാമാരി കാലത്ത് തൊഴിലില്ലാതെ ദുരിതമനുഭവിച്ചവരാണ് പ്രവാസികൾ. വിമാന നിരക്ക് കുത്തനെ കൂടിയ സാഹചര്യത്തിൽ ഇവരുടെ മടങ്ങിപ്പോക്കിന് കേന്ദ്രസർക്കാരിന്റെ ഇടപെടൽ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികളുടെ സുരക്ഷിതമായ പുനഃരധിവാസം രാജ്യത്തിന്റെ സമ്പദ്ഘടനയുടെ മുന്നോട്ടുപോക്കിന് കൂടി അത്യന്താപേക്ഷിതമാണ്. ഇതെല്ലാം കണക്കിലെടുത്ത് കേന്ദ്രസർക്കാർ വിമാന നിരക്ക് കുറയ്ക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി വ്യക്തമാക്കി.
Story Highlights : Airlines Operate Flights Capacity
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here