ഡ്യുറൻഡ് കപ്പ്; ഗോകുലം കേരളയും പുറത്ത്

ഡ്യുറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിനു പിന്നാലെ ഗോകുലം കേരളയും പുറത്ത്. ഇന്ന് നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മൊഹമ്മദനോട് പരാജയപ്പെട്ടാണ് ഗോകുലം പുറത്തായത്. എതിരില്ലാത്ത ഒരു ഗോളിനാണ് മൊഹമ്മദൻ ഗോകുലം കേരളയെ കീഴടക്കിയത്. കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു. (durand gokulam kerala lost)
കഴിഞ്ഞ ഐലീഗ് സീസണിൽ ഗോകുലം കേരളയെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനും ടോപ് സ്കോററുമായ ട്രനിഡാഡ് താരം മാർക്കസ് ജോസഫാണ് മൊഹമ്മദനായി ഗോൾ നേടിയത്. 44ആം മിനിട്ടിൽ നേടിയ ഗോളിനു മറുപടി നൽകാൻ ഗോകുലം കിണഞ്ഞുശ്രമിച്ചെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിക്കാൻ അവർക്കായില്ല.
സെമിഫൈനലിൽ ബെംഗളൂരു യുണൈറ്റഡാണ് മൊഹമ്മദൻ്റെ എതിരാളികൾ. ക്വാർട്ടറിൽ ബെംഗളൂരുവിൻ്റെ എതിരാളികളായിരുന്ന ആർമി റെഡ് സ്ക്വാഡിൽ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അവർ മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു. ഇതേ തുടർന്ന് ബെംഗളൂരു യുണൈറ്റഡിനെ വിജയികളായി പ്രഖ്യാപിച്ചു. ഈ മാസം 27നാണ് സെമി.
Read Also : ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി; ഡ്യുറൻഡ് കപ്പിൽ നിന്ന് പുറത്ത്
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഡൽഹി എഫ്സിയോട് കീഴടങ്ങിയാണ് ബ്ലാസ്റ്റേഴ്സ് ഡ്യുറൻഡ് കപ്പിൽ നിന്ന് പുറത്തായത്. ഒരു സമനില കൊണ്ട് ബ്ലാസ്റ്റേഴ്സിന് ടൂർണമെൻ്റ് ക്വാർട്ടറിൽ എത്താൻ കഴിയുമായിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഡൽഹി എഫ്സിയുടെ ജയം. വില്ലിസ് പ്ലാസയാണ് ഡൽഹിക്കായി ഗോൾ നേടിയത്. ദൗർഭാഗ്യവും മോശം ഗ്രൗണ്ടും മത്സര ഫലത്തിൽ നിർണായ സ്വാധീനം ചെലുത്തി.
ചളി നിറഞ്ഞ ഗ്രൗണ്ടിലായിരുന്നു കളി. ഇത് താരങ്ങളുടെ പ്രകടനങ്ങളെ ബാധിച്ചു. കഴിഞ്ഞ മത്സരത്തിൽ മൂന്ന് താരങ്ങൾക്ക് ചുവപ്പു കാർഡ് ലഭിച്ചതിനാൽ അവർ ഇല്ലാതെയാണ് ഇന്ന് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. എങ്കിലും മികച്ച ചില അവസരങ്ങൾ സൃഷ്ടിക്കാൻ ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞു. പക്ഷേ, ഗോൾ നേടാനായില്ല. ആദ്യ പകുതി ഗോൾരഹിത സമനില ആയെങ്കിലും 53ആം മിനിട്ടിൽ വില്ലിസ് പ്ലാസ ബ്ലാസ്റ്റേഴ്സ് ഗോൾവല തുളച്ചു. ചളിയിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരം വഴുതി വീണത് മുതലെടുത്താണ് താരം സ്കോർ ചെയ്തത്. അവസാന മിനിട്ടുകളിൽ ബ്ലാസ്റ്റേഴ്സ് തുടരെ ആക്രമിച്ചെങ്കിലും ഗോൾ അകന്നുനിന്നു. 88, 95 മിനിട്ടുകളിൽ കെപി രാഹുലും വിൻസി ബരെറ്റോയും തൊടുത്ത ഷോട്ടുകൾ ക്രോസ് ബാറിൽ തട്ടി മടങ്ങുകയായിരുന്നു.
Story Highlights: durand cup gokulam kerala lost
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here