പഞ്ചാബ് മന്ത്രിസഭാ രൂപീകരണം ചർച്ച ചെയ്യാനായി മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി ഡൽഹിയിൽ

പഞ്ചാബ് മന്ത്രിസഭാ രൂപീകരണം ചർച്ച ചെയ്യാനായി മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി ഡൽഹിയിൽ. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഹരീഷ് റാവത്ത് ഉൾപ്പെടെയുള്ള നേതാക്കളുമായി ചന്നി കൂടിക്കാഴ്ച നടത്തി. മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗുമായി അടുപ്പമുള്ളവരെ മന്ത്രിസഭയിൽ നിന്നും ഒഴിച്ചുനിർത്താനാണ് നീക്കം. പിസിസി വർക്കിങ് പ്രസിഡണ്ട് സംഗത് സിംഗ് ഗിൽസിയാൻ, മൻപ്രീത് സിംഗ് ഫാദിൽ എന്നീ നേതാക്കളും ഡൽഹിയിലെത്തിയിട്ടുണ്ട്. മന്ത്രിസഭാ രൂപീകരണം ഈ ആഴ്ച തന്നെ പൂർത്തിയാക്കാനാണ് നീക്കം. അതേസമയം അമരീന്ദർ സിംഗിനെതിരെയുണ്ടായത് രാഷ്ട്രീയ കൊലപാതകമാണെന്നും ദേശീയവാദികൾ കോൺഗ്രസിന്റെ പദ്ധതികൾക്ക് തടസ്സമാകുമെന്ന് കണ്ടാണ് ഈ നീക്കാമെന്നും ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ് ആരോപിച്ചു. (charanjit singh channi delhi)
പഞ്ചാബിന്റെ ആദ്യ ദളിത് സിഖ് മുഖ്യമന്ത്രിയാണ് ചരൺജിത് സിംഗ് ചന്നി. അദ്ദേഹത്തിനൊപ്പം സുഖ്ജിന്ദർ സിംഗ് രൺധാവയും ഒ.പി സോണിയും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഗവർണ്ണർ ബൻവാരിലാൽ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു.
Read Also : ‘പഞ്ചാബിനെ പുതിയ ഉയരങ്ങളിൽ എത്തിക്കാൻ കഴിയട്ടേ’ ; ചരൺജിത് സിംഗിന് ആശംസയുമായി പിണറായി വിജയൻ
സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിനേയും ക്ഷണിച്ചിരുന്നു. എന്നാൽ, പ്രതിഷേധിച്ച് അമരീന്ദർ സിംഗ് ചടങ്ങിൽ പങ്കെടുത്തില്ല. ഇതിനിടെ പഞ്ചാബ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ചരൺജിത് സിംഗ് ചന്നിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. പുതിയ മുഖ്യമന്ത്രിക്ക് എല്ലാ സഹകരണങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.
നീണ്ട ചർച്ചക്കൊടുവിൽ അവസാന നിമിഷമാണ് മുഖ്യമന്ത്രി സ്ഥാനം ചരൺജിത് സിംഗ് ചന്നിയിലേക്കെത്തുന്നത്. ആദ്യം തീരുമാനിച്ച സുഖ്ജിന്ദർ സിംഗ് രൺധാവയെ സിദ്ദു പക്ഷം പിന്തുണച്ചില്ല. ഇതോടെ ചന്നിയിലേക്ക് മുഖ്യമന്ത്രി സ്ഥാനം എത്തുകയായിരുന്നു. ചരൺജിത് സിംഗിന് ആശംസകൾ അറിയിച്ച് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു . 2022 മാർച്ച് മാസം വരെയാണ് പുതിയ സർക്കാരിന്റെ കാലാവധി.
ചാംകൗർ സാഹിബ് നിയമസഭ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ചരൺജിത് സിംഗ് ചന്നി മുഖ്യമന്ത്രി കസേരയിൽ എത്തുമ്പോൾ വലിയ പ്രത്യേകതകളാണ് ആ സ്ഥാനാരോഹണത്തിന് ഉള്ളത്. പഞ്ചാബിന്റെ ചരിത്രത്തിലെ ആദ്യത്തെ ദളിത്-സിഖ് മുഖ്യമന്ത്രിയാണ് ചന്നി. മൂന്ന് തവണ എം.എൽ.എ ആയിട്ടുള്ള അദ്ദേഹം പഞ്ചാബ് നിയമസഭയുടെ പ്രതിപക്ഷ നേതാവായും ടൂറിസം, സാങ്കേതിക വിദ്യാഭ്യാസം- വ്യാവസായിക പരിശീലനം വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.
Story Highlights: charanjit singh channi new delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here