കൊവിഡ്: സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ഹോട്ടലുകളിലും, റസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം. ബാറുകളില്‍ മദ്യം വിളമ്പുന്നതിനും അനുമതിയുണ്ട്. രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിച്ച ജീവനക്കാരുമായി നീന്തല്‍കുളങ്ങളും, ഇന്‍ഡോര്‍സ്റ്റേഡിയങ്ങളും ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം. മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും.
സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രണ്ടാം ലോക്ക്ഡൗണിന് ശേഷം ഇതാദ്യമായാണ് ബാറുകളില്‍ മദ്യം വിളമ്പുന്നതിനും ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതി നല്‍കിയിരിക്കുന്നത്. പോയ വാരത്തേക്കാള്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ എട്ടു ശതമാനം കുറവ് വന്നതിന് പിന്നാലെയാണ് ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇന്ന് മുതല്‍ രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കേ ബാറുകളിലും ഹോട്ടലുകളിലും പ്രവേശനമുള്ളൂ. ജീവനക്കാരും രണ്ടു ഡോസ് വാക്‌സീന്‍ എടുത്തിരിക്കണം. എ.സി സംവിധാനങ്ങള്‍ ഉപയോഗിക്കാതെ ജനലുകളും വാതിലുകളും പരമാവധി തുറന്നിടാനുള്ള സൗകര്യം ഏര്‍പ്പെടുത്തണം.
വാക്‌സിനേഷന്‍ നിബന്ധന 18 വയസിന് താഴെയുള്ളവര്‍ക്ക് ബാധകമല്ല. ഇതേ മാനദണ്ഡം അനുസരിച്ച് നീന്തല്‍കുളവും ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളും തുറന്ന് പ്രവര്‍ത്തിക്കാം.
അതേസമയം സിനിമ തീയറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ വിശദമായ ചര്‍ച്ചയ്ക്ക് ശേഷം തീരുമാനം എടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Story Highlights: kerala restaurants sit and eat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here