Advertisement

ഭാരത് ബന്ദിന് തുടക്കം; കേരളത്തിലും ഇന്ന് ഹർത്താൽ; പൊതുഗതാഗതം സ്തംഭിക്കും

September 27, 2021
2 minutes Read
bharat band kerala hartal

സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ( bharat band )തുടക്കം. രാവിലെ ആറ് മണി മുതൽ വൈകിട്ട് നാല് വരെയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്ംയുക്ത കർഷക സമിതി കേരളത്തിലും ഹർത്താൽ ആചരിക്കുകയാണ്. ( kerala hartal )

കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്ക് രാഷ്ട്രപതി അംഗീകാരം നൽകിയതിന്റെ ഒന്നാം വാർഷികം. ഡൽഹി അതിർത്തിയിൽ ആരംഭിച്ച കർഷക പ്രക്ഷോഭം പത്ത് മാസം പൂർത്തിയാകുന്ന ദിനം. ഭാരത് ബന്ദിന് സെപ്റ്റംബർ 27 തന്നെ തെരഞ്ഞെടുത്തത് ഈരണ്ട് കാരണങ്ങൾ കൊണ്ടാണെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. സിംഗു, തിക്രി, ഗാസിപുർ അതിർത്തികളിൽ കർഷകർ ദേശീയ പാത ഉപരോധിക്കും. ഹരിയാനയിലെ റോത്തക്ക്‌സോനിപത് ദേശീയപാതയിൽ ടോൾ ബൂത്തുകൾ കേന്ദ്രീകരിച്ചാകും പ്രതിഷേധം. കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ട്രേഡ് യൂണിയനുകൾ രാവിലെ പതിനൊന്നിന് ഡൽഹിയിലെ ജന്തർ മന്ദറിൽ പ്രതിഷേധ പ്രകടനം നടത്തും. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളെ ഭാരത് ബന്ദ് കാര്യമായി ബാധിച്ചേക്കും. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്ര സർക്കാരും, തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ ഡി.എം.കെയും, ഡൽഹിയിൽ ആം ആദ്മി പാർട്ടിയും പിന്തുണ പ്രഖ്യാപിച്ചു. കോൺഗ്രസും ഇടത് പാർട്ടികളും അടക്കം 19 പ്രതിപക്ഷ പാർട്ടികളും, വിവിധ സംഘടനകളും ഭാരത് ബന്ദിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കും വരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. റെയിൽ, റോഡ് ഗതാഗതം തടയുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്. ഭാരത് ബന്ദിന്റെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്തും, ഡൽഹി അതിർത്തികളിലും സുരക്ഷ ശക്തമാക്കി.

കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്ംയുക്ത കർഷക സമിതി കേരളത്തിലും ഹർത്താൽ ആചരിക്കുകയാണ്. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊതുഗതാഗതം ഏറെക്കുറെ പൂർണമായി സ്തംഭിക്കും. ഹർത്താലിന് എൽഡിഎഫും യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also : ഹർത്താൽ; നാളെ കെഎസ്ആര്‍ടിസിയുടെ സാധാരണ സര്‍വീസ് ഉണ്ടായിരിക്കില്ല

സ്വകാര്യ വാഹനങ്ങൾ തടയില്ലെന്നാണ് നേതാക്കൾ അറിയിച്ചിരിക്കുന്നത്. പത്രം, പാൽ, ആംബുലൻസ്, മരുന്നുവിതരണം, ആശുപത്രി, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യസർവീസുകൾ എന്നിവയേയും ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ ബസുകൾ, ഓട്ടോടാക്‌സി എന്നിവ നിരത്തിലിറങ്ങില്ല. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കും. ട്രേഡ് യൂണിയനുകളും സമരത്തിന്റെ ഭാഗമാകുന്നതോടെ വ്യവസായ മേഖലയും പ്രവർത്തിക്കില്ല. സാധാരണ നിലയിലെ സർവീസ് ഉണ്ടാവില്ലെന്ന് കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ അറിയിച്ചു. പൊലീസിന്റെ നിർദ്ദേശപ്രകാരവും ആവശ്യം അനുസരിച്ചുംആശുപത്രികൾ, റയിൽവേ സ്റ്റേഷനുകൾ, എയർപോർട്ടുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രധാന റൂട്ടിൽ പരിമിതമായ ലോക്കൽ സർവീസുകൾ പൊലീസ് അകമ്പടിയോടെ നടത്തും. വൈകിട്ട് 6 മണിക്ക് ശേഷം ദീർഘദൂര സർവ്വീസുകൾ ഉണ്ടായിരിക്കും. ഹർത്താലിന് പിന്തുണയുമായി നഗര ഗ്രാമ കേന്ദ്രങ്ങളിൽ അഞ്ചുലക്ഷം പേരെ അണിനിരത്തി എൽഡിഎഫ് കർഷക ഐക്യദാർഢ്യ കൂട്ടായ്മ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അഞ്ചുപേരുള്ള ഗ്രൂപ്പായി തിരിഞ്ഞായിരിക്കും പരിപാടി. സംയുക്ത കർഷകസമിതിയുടെ നേതൃത്വത്തിൽ രാജ്ഭവനു മുന്നിൽ കർഷക ധർണയും ട്രേഡ് യൂണിയൻ സംയുക്ത സമിതി രാവിലെ എല്ലാ തെരുവിലും പ്രതിഷേധം ശൃംഖലയും സംഘടിപ്പിക്കും.

Story Highlights: bharat band kerala hartal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top