Advertisement

ബിഗ് ബാഷ് ലീഗ്: ജമീമ റോഡ്രിഗസും ഹർമൻപ്രീതും മെൽബൺ റെനഗേഡ്സിൽ കളിക്കും

September 29, 2021
2 minutes Read
WBBL Jemimah Rodrigues Harmanpreet

വനിതാ ബിഗ് ബാഷ് ലീഗിലേക്ക് വീണ്ടും ഇന്ത്യൻ താരങ്ങൾ എത്തുന്നു. യുവതാരം ജമീമ റോഡ്രിഗസും ഇന്ത്യയുടെ ടി-20 ക്യാപ്റ്റൻ ഹർമൻപ്രീത് കൗറുമാണ് ഏറ്റവും അവസാനമായി വനിതാ ബിഗ് ബാഷ് ടീമിൽ ഇടം നേടിയത്. ഇരുവരും മെൽബൺ റെനഗേഡ്സിൽ കളിക്കും. ഇതോടെ ബിഗ് ബാഷിൽ കളിക്കുന്ന ഇന്ത്യൻ വനിതാ താരങ്ങളുടെ എണ്ണം ഏഴായി. (WBBL Jemimah Rodrigues Harmanpreet)

രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഹർമൻ ബിഗ് ബാഷിൽ കളിക്കുക. നേരത്തെ സിഡ്നി തണ്ടറിനായി താരം കളിച്ചിട്ടുണ്ട്. അതേസമയം, ഇത് ആദ്യമായാണ് ജമീമ ബിഗ് ബാഷിൽ കളിക്കുക. അടുത്തിടെ സമാപിച്ച ‘ദി ഹണ്ട്രഡ്’ വനിതാ എഡിഷനിൽ 7 ഇന്നിംഗ്സിൽ നിന്ന് 249 റൺസ് നേടിയ ജമീമ ടൂർണമെൻ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ രണ്ടാം സ്ഥാനത്തായിരുന്നു.

Read Also : റിച്ച ഘോഷിനെ ടീമിലെത്തിച്ച് ഹൊബാർട്ട്; വനിതാ ബിബിഎലിലെ ഇന്ത്യൻ താരങ്ങൾ അഞ്ചായി

ഓപ്പണർമാരായ സ്മൃതി മന്ദന, ഷഫാലി വർമ്മ എന്നിവർക്കൊപ്പം ഓൾറൗണ്ടർ ദീപ്തി ശർമ്മ, ലെഫ്റ്റ് ആം ഓർത്തഡോക്സ് ബൗളർ രാധ യാദവ്, കൗമാര വിക്കറ്റ് കീപ്പർ ബാറ്റർ റിച്ച ഘോഷ് എന്നിവരാണ് ബിഗ് ബാഷ് ടീമുകളിലേക്ക് ഇടം നേടിയ മറ്റ് ഇന്ത്യൻ വനിതകൾ. ഷഫാലി, മന്ദന, ദീപ്തി എന്നിവർ അടുത്തിടെ ‘ദി ഹണ്ട്രഡ്’ ടൂർണമെൻ്റിൽ കളിച്ചിരുന്നു. മന്ദന ഒഴികെ മറ്റ് നാല് താരങ്ങളും ഇത് ആദ്യമായാണ് ബിഗ് ബാഷിൽ കളിക്കുക. മന്ദന മുൻപ് രണ്ട് സീസണുകളിൽ ബിഗ് ബാഷ് കളിച്ചിട്ടുണ്ട്.

ദീപ്തി ശർമ്മ, സ്മൃതി മന്ദന എന്നിവരെ സിഡ്നി തണ്ടർ ആണ് ടീമിലെത്തിച്ചത്. ഹണ്ട്രഡിൽ നിന്ന് പിന്മാറീയ ഇംഗ്ലീഷ് താരങ്ങളായ ഹെതർ നൈറ്റ്, തമി ബ്യൂമൊണ്ട് എന്നിവർക്ക് പകരക്കാരായാണ് ഇന്ത്യൻ താരങ്ങൾ ടൂർണമെൻ്റിൽ പാഡണിയുക. നേരത്തെ, ബ്രിസ്ബേൻ ഹീറ്റ്, ഹൊബാർട്ട് ഹറികെയ്‌ൻസ് എന്നീ ടീമുകൾക്കാണ് മുൻപ് സ്മൃതി കളിച്ചിട്ടുള്ളത്. ദീപ്തി ബിബിഎലിൽ കളിച്ചിട്ടില്ലെങ്കിലും ദി ഹണ്ട്രഡിൽ നടത്തിയ മികച്ച പ്രകടനമാണ് താരത്തിനു തുണയായത്.

ഷഫാലി, രാധ എന്നിവർ സിഡ്നി സിക്സേഴ്സിൽ കളിക്കും. ദി ഹണ്ട്രഡിൽ ബിർമിംഗ്‌ഹാം ഫീനിക്സിനായി കളിച്ച താരം ഭേദപ്പെട്ട പ്രകടനങ്ങളാണ് നടത്തിയത്. രാധ യാദവ് മുൻപ് ഒരു വിദേശ ലീഗിലും കളിച്ചിട്ടില്ല. ഹൊബാർട്ട് ഹറികെയ്‌ൻസ് ആണ് 17കാരിയായ റിച്ച ഘോഷിനെ ടീമിൽ എത്തിച്ചിരിക്കുന്നത്.

Story Highlights: WBBL Jemimah Rodrigues Harmanpreet Kaur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top